കൃഷിയറിവുകൾ
text_fieldsകുരുമുളക് വേര് പിടിപ്പിക്കേണ്ട സമയമായി. പെട്ടെന്ന് വേര് പിടിക്കുന്നതിനായി തണ്ടിന്റെ ചുവടറ്റം ഐ.ബി.എ വെള്ളത്തിൽ ലയിപ്പിച്ച ലായനിയിൽ 45 സെക്കൻഡ് നേരം മുക്കി നട്ടാൽ മതിയാകും. ചെറു കൊടികൾക്ക് തണൽ നൽകണം. കൊടിയുടെ ചുവട്ടിൽ പുതയിടുന്നത് ഉണക്കിന്റെ കാഠിന്യം കുറക്കും.
കമുകുകളിൽ മണ്ട മറിച്ചിൽ ലക്ഷണം കാണുന്നുവെങ്കിൽ ഇത് നിയന്ത്രിക്കാനായി ഓരോ കമുകിനു ചുറ്റും 250 ഗ്രാം വീതം കുമ്മായമിട്ട് നനച്ചു കൊടുക്കണം. ഒരാഴ്ച കഴിഞ്ഞ് ബോറാക്സ് പൗഡർ 25 ഗ്രാം വീതം കമുകിന്റെ വേരിന്റെ ഭാഗത്ത് ഇട്ട് ചേർത്തുകൊടുക്കാം. കൂടാതെ ഫൈറ്റോലാൻ 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഓലകളിൽ തളിക്കുന്നതും നല്ലതാണ്. ആഴ്ചയിലൊരിക്കൽ കമുക് നനക്കണം. വെയിലുകൊണ്ട് പൊള്ളൽ ഏൽക്കാതിരിക്കാൻ തടിക്കുചുറ്റും ഓല കെട്ടുകയോ വെള്ള പൂശുകയോ ചെയ്യാം.
പച്ചക്കറികളിൽ കേടുവന്ന കായ്കൾ നശിപ്പിക്കണം. പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനുള്ള പ്രത്യേകമായ ഫിറമോൺ കെണിയായ ക്യുലുർ 6 എണ്ണം ഒരു ഏക്കറിന് എന്നതോതിലും ഇതിനോടൊപ്പം തുളസി/ പഴക്കെണികൾ ഉപയോഗിക്കുന്നതും കായീച്ച നിയന്ത്രണത്തിന് നല്ലതാണ്. എന്നിട്ടും കുറവില്ലെങ്കിൽ രണ്ട് മില്ലി മാലത്തിയോൺ ഒരു ലിറ്റർ വെള്ളത്തിന് 10 ഗ്രാം ശർക്കര ചേർത്ത് പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും തളിച്ചുകൊടുക്കണം.
വാഴക്ക് കുറുനാമ്പുരോഗം വരുത്തുന്ന വൈറസുകളെ പരത്തുന്ന മുഞ്ഞയെ നശിപ്പിക്കാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടു തവണ തളിക്കാം. നിമാവിരബാധ, കരിക്കിൻകേട് എന്നിവ ഒഴിവാക്കാൻ വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കാം. തടതുരപ്പൻ പുഴുവിനെ നിയന്ത്രിക്കാൻ വേപ്പധിഷ്ഠിത കീടനാശിനി 6 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ എന്നകണക്കിന് അഞ്ചാം മാസം മുതൽ ഓരോ മാസവും തടിയിൽ സ്പ്രേ ചെയ്യുകയും ഇലക്കവിളുകളിൽ ഒഴിക്കുകയും വേണം.
വെള്ളരി വിളകളിൽ കാണുന്ന കായീച്ചകളെ നിയന്ത്രിക്കാൻ പഴക്കെണികളോ ഫെറമോൺ കെണികളോ ഉപയോഗിക്കാം. കേടുവന്ന് നിലത്തുവീഴുന്ന കായ്കൾ നശിപ്പിച്ച് കളയുന്നത് കായീച്ച വ്യാപനം തടയും. കുരുടിപ്പ് വൈറസ് രോഗം പരത്തുന്ന വെള്ളീച്ച, മുഞ്ഞ എന്നീ പ്രാണികളെ തടയാൻ വേപ്പെണ്ണ -വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.