ഞാറ്റുവേല കത്തുന്നു; വയലേലകൾ കർഷകന്റെ കണ്ണീർപാടം
text_fieldsപയ്യന്നൂർ: നെൽകർഷകരെ തീ തീറ്റിച്ച് ഞാറ്റുവേലക്കാലം. മഴയില്ലെന്നതിനുപുറമെ കത്തുന്ന വെയിൽ കൂടിയായതോടെ നെൽകൃഷി മിക്കയിടത്തും താളംതെറ്റി. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭൂരിഭാഗം വയലുകളിലും ഒന്നാംവിള നെൽകൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ഒരു വിളയെടുക്കുന്ന വയലുകൾ വറ്റിവരണ്ടു. ആയിരങ്ങൾ ചെലവഴിച്ച് ഇറക്കിയ കൃഷി ഉണങ്ങിനശിക്കുകയാണ്.
•കത്തുന്ന പൂയം ഞാറ്റുവേല
തിരുവാതിര ഞാറ്റുവേല കഴിഞ്ഞ് ഇപ്പോൾ പൂയം ഞാറ്റുവേലയായി. കർക്കടകത്തിലെ എല്ലാ ഞാറ്റുവേലക്കാലത്തും തിരിമുറിഞ്ഞൊഴുകുമെന്നാണ് ചൊല്ല്. എന്നാൽ, തിരിമുറിയാൻ പോയിട്ട് വേരുനനയാൻപോലും വെള്ളമില്ല. കൂടാതെ വെയിലും. ഈ രീതിയിൽ വെയിൽ പതിവില്ലെന്ന് പഴയകാല കർഷകർ പറയുന്നു. ഈ ഒരു മാസക്കാലം ഏതു വിളയിറക്കിയാലും മുളച്ചുവരും. ഈ സ്ഥിതിയാണ് മാറിയത്. കാലവർഷത്തെ ആശ്രയിച്ചുള്ള കാർഷിക കലണ്ടർ ഇനി ഓർമ മാത്രമാവുമെന്ന സൂചനയാണ് ഈ ഞാറ്റുവേലക്കാലം നൽകുന്നതെന്നും കർഷകർ പറയുന്നു.
•തിരിച്ചുവരവിനെ തടഞ്ഞ് പ്രകൃതി
കണ്ണൂർ, കാസർകോട് ജില്ലകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഒന്നാംവിള കൃഷി ചെയ്തത് വളരെ കുറവാണെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തൽ. അതിവർഷവും ഇപ്പോഴത്തെ വെയിലും ചെയ്ത കൃഷിതന്നെ ഇല്ലാതാക്കുകയാണ്.
കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 2017ലാണ് രണ്ട് ജില്ലകളിലും കൂടുതൽ വയലുകളിൽ ഒന്നാംവിള കൃഷി ചെയ്തതെന്നാണ് കണക്ക്. 2017ൽ ഇരു ജില്ലകളിലുമായി 5120 ഹെക്ടറിലാണ് കൃഷിയിറക്കിയത്. എന്നാൽ 2018, 2019 വർഷങ്ങളിൽ ഒന്നാംവിള കൃഷി ചെയ്ത സ്ഥലത്തിന്റെ വിസ്തീർണം കുറഞ്ഞു. കഴിഞ്ഞ വർഷമിത് 6000 ഹെക്ടറായി കൂടിയതായാണ് കണക്ക്. മുൻവർഷങ്ങളെ അപേക്ഷിച്ച് കരനെൽകൃഷി വൻതോതിൽ വർധിപ്പിക്കാനുള്ള നീക്കത്തിനാണ് കാലംതെറ്റിയുള്ള വേനൽ തിരിച്ചടിയാവുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ ദാരിദ്ര്യ ഭീതിയും സമയവും കൃഷിയിറക്കാനുള്ള പ്രചോദനമായെങ്കിലും കാലാവസ്ഥ വില്ലനാവുകയാണ്.
•വയലിലിറക്കണം തൊഴിലുറപ്പുകാരെ
നിലം കൃഷിയോഗ്യമാക്കുന്നതിനും കർഷകരുടെ നഷ്ടം നികത്തുന്നതിനും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, തൊഴിലുറപ്പു തൊഴിലാളികളെയിറക്കി കൃഷി ചെയ്യണമെന്ന ആവശ്യം ഇക്കുറിയും അധികൃതർ അവഗണിച്ചതായി കർഷകർ പറയുന്നു. വൻ നഷ്ടത്തിലായ കൃഷി തിരിച്ചുകൊണ്ടുവരാൻ ഇത് സഹായിക്കുമെന്ന് അവർ പറയുന്നു. യന്ത്രമിറക്കാത്ത വയലുകളിൽ നിലമൊരുക്കാനും പറിച്ചുനടാനും ഇതിലൂടെ സാധിക്കും.
• കൃഷിയിടങ്ങൾ കുറയുന്നു
നെൽകൃഷിയോടുള്ള ആഭിമുഖ്യം കൂടുമ്പോഴും വടക്കൻ കേരളത്തിൽ നെൽവയലുകളുടെ വിസ്തൃതി ഗണ്യമായി കുറയുന്നു. 2013ൽ കണ്ണൂർ ജില്ലയിൽ മാത്രമായി 8186 ഹെക്ടറിൽ കൃഷിയിറക്കിയിരുന്നു. ഇതിൽ പകുതിയോളം വയലുകളും നാണ്യവിളകൾക്കും വീടുകൾക്കും വഴിമാറി. കാലാവസ്ഥ വ്യതിയാനം മൂലം നെൽകൃഷി നഷ്ടമായതോടെ ജനങ്ങൾ നെല്ലിനോട് വിടപറയുകയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ടാംവിള കൃഷിയിറക്കുന്നത് ഗണ്യമായി കുറയുകയും മൂന്നാംവിള നാമാവശേഷമാവുകയും ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപന കണക്കുകളിൽ തരിശുരഹിത ഗ്രാമമെന്ന് കണക്കുകൾ രേഖപ്പെടുത്തുമ്പോഴും തരിശുകളും വയൽനികത്തലും കൂടിവന്നു. ഇതിൽ നിന്നുള്ള തിരിച്ചുപോക്കുകൂടിയാണ് കോവിഡുകാലം സമ്മാനിച്ചത്. ഇതാണ് വീണ്ടും പിറകോട്ടുപോകുന്നത്.
•നിലച്ച കാലിക്കുടമണിനാദം
യന്ത്രങ്ങൾ കടന്നുചെല്ലാത്ത വയലുകളിൽ കാളകളെ ഉപയോഗിച്ച് നിലമുഴുകയാണ് പതിവ്. എന്നാൽ, ഇപ്പോൾ രണ്ട് ജില്ലകളിലും കാലിപൂട്ടൽ കുറഞ്ഞുവന്നു. വൻ ചെലവും കാളകളെ ലഭിക്കാത്തതുമാണ് കാരണം. പരമ്പരാഗത കൃഷിരീതിയിലേക്ക് പുതിയ തലമുറ കടന്നുവരാത്തതും ഈ കൃഷിരീതി ഇല്ലാതാവാൻ കാരണമായി. നിലവിൽ കാളകളെ ഉയോഗിച്ച് നിലമൊരുക്കിക്കൊടുക്കുന്നവർ കണ്ണൂർ ജില്ലയിൽ അഞ്ചിൽ താഴെ മാത്രമാണ്. കർണാടകയിലെ സുബ്രഹ്മണ്യം കാലിച്ചന്ത സംഘ്പരിവാർ തടഞ്ഞതോടെയാണ് വടക്കൻ കേരളത്തിൽ കാളകളെ ലഭിക്കാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.