പ്രളയ ഭീതി; വിരിപ്പു കൃഷി അന്യമായി മലയോര പാടശേഖരങ്ങൾ
text_fieldsകൊടകര: ഒരുകാലത്ത് ആണ്ടില്‍ മൂന്നുപൂ കൃഷിയിറക്കിയിരുന്ന മറ്റത്തൂരിലെ പാടശേഖരങ്ങള്‍ ഒരുപ്പൂ നിലങ്ങളായി മാറുന്നു. ഇവിടത്തെ പാടശേഖരങ്ങള്‍ മിക്കതും മൂന്നാം വിളയായ പുഞ്ചകൃഷി ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായി. എങ്കിലും അടുത്തകാലം വരെ ഒന്നാം വിളയായ വിരിപ്പും രണ്ടാം വിളയായ മുണ്ടകനും ഇറക്കിയിരുന്നു. 2018ലെ പ്രളയത്തിന് ശേഷം ഒട്ടുമിക്ക പാടശേഖരങ്ങളും വിരിപ്പുകൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. കോടാലി, ചെമ്പുച്ചിറ, ആലുക്കപ്പാടം, നൂലുവള്ളി തുടങ്ങി ഏതാനും പാടശേഖരങ്ങളില്‍ മാത്രമാണ് ഇക്കുറി വിരിപ്പു കൃഷിയിറക്കിയത്.
വെള്ളിക്കുളങ്ങര, മോനൊടി, കോപ്ലിപ്പാടം, ചെട്ടിച്ചാല്‍, വാസുപുരം, കുഴിക്കാണിപ്പാടം, ഇത്തപ്പാടം തുടങ്ങിയ പാടശേഖരങ്ങളില്‍ വിരിപ്പു കൃഷിയില്ല. കഴിഞ്ഞ വര്‍ഷവും ഇതായിരുന്നു അവസ്ഥ. മറ്റത്തൂരിലെ 17 പാടശേഖരങ്ങളില്‍ മിക്കതും വെള്ളിക്കുളം വലിയതോടിെൻറ കരയിലാണുള്ളത്. രണ്ട് ദിവസത്തില്‍ കൂടുതല്‍ കനത്ത മഴ പെയ്താല്‍ വെള്ളിക്കുളം തോട് കവിഞ്ഞൊഴുകി നെല്‍കൃഷി വെള്ളത്തിലാവും.
2018ലും 19ലും ഉണ്ടായ വെള്ളപ്പൊക്കത്തില്‍ മറ്റത്തൂരിലെ പാടശേഖരങ്ങളിലെ വിരിപ്പു കൃഷി നശിച്ചിരുന്നു. വിളവെടുപ്പിന് പാകമായ നെല്‍ച്ചെടികളാണ് നശിച്ചത്. പ്രളയം ഉണ്ടായില്ലെങ്കില്‍ പോലും സെപ്റ്റംബറില്‍ കൊയ്ത്ത് നടക്കുന്ന സമയത്ത് മഴ പെയ്താല്‍ കൊയ്യാനും വയ്ക്കോല് നശിക്കാനും ഇടവരുമെന്ന ഭീതി കര്‍ഷകര്‍ക്കുണ്ട്.
ഇത്തരം ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ഒട്ടുമിക്ക പാടശേഖര സമിതികളും വിരിപ്പു കൃഷിയില്‍ നിന്ന് ഇതിനകം പിന്മാറി. കാലവര്‍ഷം കനത്തുപെയ്യുന്ന ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നിലം തരിശിട്ട് സെപ്റ്റംബറില്‍ മുണ്ടകന്‍ വിള പതിവിലും നേരേത്ത ഇറക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. വെള്ളപ്പൊക്കം, ജലക്ഷാമം എന്നിവയെ പേടിക്കാതെ മകരക്കൊയ്്ത്ത് പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. മാസങ്ങളോളം നിലം തരിശിടുന്നത് മുണ്ടകന്‍ കൃഷിക്ക് വിളവ് കൂടുതല്‍ ലഭിക്കാന്‍ സഹായകമാവുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.