വളം ലൈസൻസ് ഫീസ് കുത്തനെ കൂട്ടി
text_fieldsതിരുവനന്തപുരം: രാസവളം മിക്സിങ് യൂനിറ്റുകൾക്കും മൊത്ത- ചില്ലറ വിൽപനക്കും ബാധകമായ ലൈസൻസ് ഫീസിൽ വൻ വർധനവ്. മിക്സിങ് യൂനിറ്റുകൾക്ക് പുതിയ ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 750 രൂപയിൽനിന്ന് 10,000 രൂപയായും പുതുക്കൽ ഫീസ് 750 രൂപയിൽ നിന്ന് 5000 രൂപയായുമായാണ് കൃഷിവകുപ്പ് ഉയർത്തിയത്.
പത്തുവർഷത്തെ ഇടവേളക്ക് ശേഷമാണ് വളം ലൈസൻസിന്റെ ഫീസ് വർധിപ്പിച്ചതെന്ന് വകുപ്പ് വശദീകരിക്കുന്നുണ്ടെങ്കിലും താങ്ങാവുന്നതിലും അപ്പുറമെന്ന പരാതി ഉയർന്നിട്ടുണ്ട്. മൊത്തവ്യാപാര യൂനിറ്റുകളുടെ കാര്യത്തിൽ, പുതിയ ലൈസൻസിനുള്ള ഫീസ് 450 രൂപയിൽനിന്ന് 10,000 രൂപയായും പുതുക്കൽ ഫീസ് 450 രൂപയിൽനിന്ന് 1,000 രൂപയായും പുതുക്കി നിശ്ചയിച്ചു.
രാസവളങ്ങളുടെ ചില്ലറ വിൽപനക്ക്, പുതിയ ലൈസൻസിനുള്ള ഫീസ് 38 രൂപയിൽനിന്ന് 1,000 രൂപയായും പുതുക്കുന്നതിന് 38 രൂപയിൽനിന്ന് 500 രൂപയായും വർധിപ്പിച്ചു. ഫീസ്/ ചാർജുകൾ സമയബന്ധിതമായി പരിഷ്കരിക്കുന്നതിന് വകുപ്പുകൾക്ക് സർക്കാർ നൽകിയ നിർദേശത്തിന്റെ ഭാഗമായാണ് ഫീസ് പരിഷ്കരിച്ചതെന്ന് വകുപ്പ് ഉത്തരവിൽ അറിയിച്ചു. 2014 ഒക്ടോബറിലാണ് ഫീസ് അവസാനമായി കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.