തീവിലയുമായി മാമ്പഴ രാജാവ് വരവറിയിച്ചു; ഒന്നിന് 300 രൂപ!
text_fieldsപുണെ: ഈ വർഷത്തെ ആദ്യ ദേവഗഡ് അൽഫോൻസാ മാമ്പഴപ്പെട്ടിക്ക് പൂണെ മാർക്കറ്റിൽ വരവേൽപ്. 60എണ്ണമടങ്ങിയ ആദ്യ പെട്ടി 18,000 രൂപക്കാണ് വിറ്റുപോയത്. ഒന്നിന് 300 രൂപ!. സാധരണ 12 എണ്ണത്തിന് 300 രൂപ മുതൽ 500 രൂപ വരെയാണ് ചില്ലറ വിൽപന വില. തുടക്കമായതിനാലാണ് ഇത്തവണ വൻ വില ലഭിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു.
മാമ്പഴത്തിന്‍റെ ആദ്യ പെട്ടി ഞായറാഴ്ചയാണ് പൂണെ ചന്തയിലെത്തിയത്. സിന്ധുദുർഗ് ജില്ലയിലെ ദേവ്ഗഢ് താലൂക്കിലെ കുംകേശ്വർ ഗ്രാമത്തിൽ നിന്ന് രാംഭവു സാവന്ത് എന്ന കർഷകന്‍റെ തോട്ടത്തിൽ വിളഞ്ഞതാണിവ. സാധാരണ ഫെബ്രുവരി മുതലാണ് മാമ്പഴം മാർക്കറ്റിലെത്താറുള്ളത്. ഇത്തവണ നേരത്തെ വിളവെടുക്കാനായതിന്‍റെ സന്തോഷത്തിലാണ് കർഷകർ.
അഗ്രികൾച്ചറൽ പ്രൊഡക്റ്റ്സ് മാർക്കറ്റ് കമ്മിറ്റി (എ.പി.എം.സി) പൂണെ ചെയർമാൻ മധുകാന്ത് ഗരാഡ് മതപരമായ പൂജയടക്കമുള്ള ചടങ്ങ് നടത്തിയാണ് ആദ്യ വിൽപനക്ക് ഒരുക്കം നടത്തിയത്. ''കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ഈ വർഷം നല്ല കാലാവസ്ഥ കാരണം മാങ്ങ ഉത്പാദനത്തിൽ വർധനവുണ്ട്. വരും മാസങ്ങളിൽ ധാരാളം മാങ്ങ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി അവസാനത്തോടെ മഹാരാഷ്ട്രയിൽ മാമ്പഴ സീസൺ ആരംഭിക്കും' -സാവന്ത് പറഞ്ഞു.
കോവിഡും ലോക്ഡൗണും മോശം കാലാവസ്ഥയും കാരണം കഴിഞ്ഞ രണ്ട് വർഷം കൊങ്കൺ മേഖലയിലെ മാമ്പഴ കർഷകർ വൻനഷ്ടമാണ് നേരിട്ടതെന്ന് വ്യാപാരികളുടെയും ഏജന്റുമാരുടെയും അസോസിയേഷൻ പ്രസിഡന്‍റായ ബാപ്പു ഭോസാലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.