മികച്ച വിളവുനേടി വിതുര െജഴ്സി ഫാമിലെ തീറ്റപ്പുൽ, ചോളം കൃഷി
text_fieldsവിതുര: തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ കാർഷിക പദ്ധതികൾ ഫലം കണ്ടു. നൂറുമേനി വിളവുനേടി മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള വിതുര ജെഴ്സി ഫാം. ഹരിതകേരള മിഷനിലൂടെ ഫാമിലെ 15 ഏക്കർ തരിശുസ്ഥലമാണ് കഴിഞ്ഞവർഷം ഹരിതാഭമായത്. ഫാം ഭൂമിയിൽ നിറയെ വിവിധയിനം തീറ്റപ്പുല്ലുകളും സങ്കരയിനം ചോളവുമാണ് തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയിറക്കി നൂറുമേനി വിളവ് നേടിയത്.
വന്യമൃഗ ഭീഷണി, ജലദൗർലഭ്യം, തൊഴിലാളിക്ഷാമം തുടങ്ങി ഫാമിലെ പ്രശ്നങ്ങൾ മനസ്സിലാക്കി വിതുര പഞ്ചായത്ത് 35 ലക്ഷത്തിന്റെ തൊഴിലുറപ്പു പദ്ധതിയാണ് ഇവിടെ നടപ്പാക്കിയത്. മൃഗസംരക്ഷണ വകുപ്പിന്റെ ഫാമുകളിൽ ആദ്യമായാണ് സങ്കരയിനം ചോളക്കൃഷിയാരംഭിച്ചത്. പരിചയമില്ലാത്ത കൃഷിക്ക് നിലമൊരുക്കിയതും വിത്തെറിഞ്ഞതും തൊഴിലുറപ്പ് തൊഴിലാളികൾ തന്നെ.
കേരള കാർഷിക സർവകലാശാലയുടെ സുഗുണ, സുസ്ഥിര ഇനം തീറ്റപ്പുൽക്കൃഷിയുടെ മാതൃകാപ്രദർശനത്തോട്ടം ഒരുക്കിയതും തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തിയാണ്.
സങ്കരയിനം നേപ്പിയർ കൃഷിവ്യാപനത്തിനും പദ്ധതി ഏറെ സഹായിച്ചു. കൃഷിശാസ്ത്രജ്ഞർ നൽകിയ നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ച് ഇടയിളക്കലും കളപറിക്കലും തൊഴിലാളികൾ ചെയ്തു. കാർഷിക പദ്ധതികൾ വിലയിരുത്താൻ അസി. കലക്ടർ ശ്വേത നാഗർഗോട്ടി ഫാം സന്ദർശിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ അവർ നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബാബുരാജ്, ജോ. പ്രോഗ്രാം ഓഫിസർ ഷാജി, ഡെപ്യൂട്ടി ഡയറക്ടർ ഷീലാകുമാരി എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.