അരൂരിൽ കുളമ്പുരോഗം; ക്ഷീരകർഷകർ ആശങ്കയിൽ
text_fieldsഅരൂര്‍: കാലികളില്‍ കുളമ്പുരോഗബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ജാഗ്രതാനിര്‍ദേശവുമായി മൃഗസംരക്ഷണ വകുപ്പ് . അരൂര്‍, എഴുപുന്ന പഞ്ചായത്തുകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഈ രണ്ടു പഞ്ചായത്തുകളില്‍ നാലു കാലികളില്‍ രോഗലക്ഷണം കണ്ടെത്തി. ഇത് സ്ഥിരീകരിക്കുന്നതിനായി തിരുവനന്തപുരം പാലോടുള്ള മൃഗസംരക്ഷണ വകുപ്പിന്റെ ലാബിലേക്ക് സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.
റിപ്പോര്‍ട്ട് വരുന്നതിന് മുന്നേ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഈ പഞ്ചായത്തുകളില്‍ ആരംഭിച്ചു. രോഗ ലക്ഷണം കണ്ടെത്തിയ പ്രദേശത്തിന് ഒരു കീലോമിറ്റര്‍ പരിധിയില്‍ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. രോഗബാധകണ്ടെത്തിയ ഈ പ്രദേശത്തും പരിസരപ്രദേശത്തും നിരീക്ഷണവും പരിശോധനയുമുണ്ടാകും. ഇതിനിടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ശേഷം പ്രതിരോധകുത്തിവയ്പ് എടുക്കന്നതില്‍ ക്ഷീരകര്കര്ക്കിടയില് പ്രതിഷേധം ഉയരുന്നുണ്ട്. ഇത്തരം പ്രതിരോധ കുത്തിവയ്പ് കൃത്യമായ സമയത്ത് എടുത്തിരുന്നുവെങ്കില്‍ തങ്ങളുടെ ദുരിതം ഒഴിവാക്കാനാകുമെന്ന നിലപാടാണ് ഇവര്‍ ഉയര്‍ത്തുന്നത്.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പഞ്ചായത്ത് പരിധിയില്‍ നിന്നും പുറത്തേക്കോ അകത്തേക്കോ പശുക്കളെ കൈമാറ്റം ചെയ്യാന്‍ പാടില്ല. പശുക്കളെ കറക്കുന്നതിനു മുമ്പും പിമ്പും കറവക്കാരന് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചും അതിനുശേഷം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ചും നിര്‍ബന്ധമായും കഴുകേണ്ടതാണ്.
കുളമ്പുരോഗം മനുഷ്യരുടെ ശരീരത്തിലൂടെ മറ്റു പശുക്കളിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ അനാവശ്യമായി മറ്റു ഡയറി ഫാമുകളിലോ പശുക്കള്‍ ഉള്ള വീടുകളിലോ സന്ദര്‍ശനം നടത്താതിരിക്കുക. കാറ്റിലൂടെയും കുളമ്പുരോഗം പകരും എന്നതിനാല്‍ പശുക്കളെ പുറത്ത് മേയാന്‍ വിടരുത്. അടിയന്തര സാഹചര്യങ്ങളില്‍ വെറ്ററിനറി ഡിസ്പെന്സറിയുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.