കോട്ടയം ജില്ലയിലെ നെല്ല് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 29.44 കോടി
text_fieldsകോട്ടയം: പുഞ്ചപ്പാടങ്ങളിൽ വീണ്ടും പച്ചപ്പ് നിറയുമ്പോഴും കഴിഞ്ഞതവണ നൽകിയ നെല്ലിന്റെ തുക കാത്ത് കർഷകർ. നെല്ല് സംഭരിച്ച വകയില്‍ കഴിഞ്ഞ ദിവസംവരെയുള്ള കണക്കനുസരിച്ച് ജില്ലയിലെ കര്‍ഷകര്‍ക്ക് 29.44 കോടിയാണ് ലഭിക്കാനുള്ളത്.
ആകെ 49.94 കോടിയുടെ നെല്ലാണ് കഴിഞ്ഞ സീസണില്‍ സംഭരിച്ചത്. ഇതിൽ 20.50 കോടി കര്‍ഷകര്‍ക്ക് നല്‍കിയിരുന്നു. എന്നാൽ, ബാക്കിതുക കുടിശ്ശികയാകുകയായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ കൃഷി ഇറക്കിയവരാണ് പണത്തിനായി കാത്തിരിക്കുന്നത്. കടംവാങ്ങിയും വായ്പയെടുത്തുമായിരുന്നു ഭൂരിഭാഗവും കൃഷിയിറക്കിയത്. നെല്ല് സംഭരിക്കുമ്പോൾ തന്നെ പണം നൽകുമെന്ന് മന്ത്രിമടയക്കമുള്ളവർ എല്ലാ സീസണിലും പ്രഖ്യാപിക്കുമെങ്കിലും പണം മാത്രം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. ഇതിനിടെ, ജില്ലയിൽ പുഞ്ചകൃഷി സജീവമായി. പാടങ്ങളെല്ലാം പച്ചപ്പ് നിറഞ്ഞു. മഴ പിന്‍വാങ്ങാന്‍ വൈകിയതിനെത്തുടര്‍ന്നു പല പാടശേഖരങ്ങളിലും ഇത്തവണ കൃഷി ഉപേക്ഷിച്ചിരുന്നു, അവശേഷിക്കുന്ന പാടശേഖരങ്ങളിലാണ് സജീവമായി കൃഷി മുന്നോട്ടുപോകുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ കൊയ്ത്തിന് പാകമായ പാടശേഖരങ്ങള്‍ മുതല്‍ കിളിര്‍ത്തിട്ട് ദിവസങ്ങള്‍ പ്രായമായ നെല്‍ച്ചെടികളുള്ള പാടശേഖരങ്ങള്‍ വരെ ജില്ലയിലുണ്ട്.
കൃഷി ആരംഭിച്ച പാടശേഖരങ്ങളില്‍ ഒന്നും രണ്ടും ഘട്ട വളപ്രയോഗങ്ങള്‍ കഴിഞ്ഞു. നിലവില്‍ വെള്ളത്തിന്റെ കാര്യത്തിലും പ്രശ്നമില്ല. എന്നാല്‍, വേനല്‍ ശക്തമാകുംതോറും ചില മേഖലകളില്‍ വെള്ളത്തിന്റെ ക്ഷാമമുണ്ടാകുമെന്ന ആശങ്കയുണ്ട്. ഒറ്റപ്പെട്ട ചിലയിടങ്ങളിൽ ജലക്ഷാമം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഒപ്പം ഓരുവെള്ള ഭീഷണിയുണ്ടാകുമെന്ന ഭീതിയും കര്‍ഷകര്‍ക്കുണ്ട്.
ഏതാനും വര്‍ഷം മുമ്പ് വരള്‍ച്ചയിലും ഓരുവെള്ളം കയറിയതിനെത്തുടര്‍ന്നും പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക കൃഷിനാശമുണ്ടായിരുന്നു. ഇത്തവണ ഇതുവരെ 6738 കര്‍ഷകര്‍ നെല്ല് സംഭരണത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2018ലെ പ്രളയത്തിനുശേഷം ജില്ലയില്‍ നെല്‍ ഉൽപാദനത്തില് വര്‍ധനയുണ്ടായിരുന്നു. പാടശേഖരങ്ങളില്‍ എക്കല്‍ അടിഞ്ഞതും തരിശു നെല്‍കൃഷി വ്യാപിച്ചതും ഉൽപാദന വര്‍ധനക്ക് കാരണമായി. എന്നാല്‍, ഇത്തവണ തുലാമഴ മാറാന്‍ വൈകിയത് തിരിച്ചടിയായി. സാധാരണ ഒക്ടോബര്‍ അവസാനത്തോടെ മഴ മാറി നവംബര്‍ രണ്ടാം ആഴ്ചയില്‍ വിത തുടങ്ങുന്ന രീതിയിലായിരുന്നു ജില്ലയില്‍ പുഞ്ച കൃഷി ആരംഭിച്ചിരുന്നത്. ഡിസംബര്‍ പകുതി വരെ ശക്തമായ മഴ പെയ്തതോടെ, കൃഷി ഒരുക്കം വൈകി.
ഇപ്പോഴും വിതക്കാന്‍ അനുയോജ്യമാണെങ്കിലും കൊയ്ത്തുസമയത്തെ മഴ പേടിയില്‍ കൃഷി ഉപേക്ഷിച്ചവര്‍ നിരവധിയാണ്. പരമാവധി ഏപ്രില്‍ അവസാനിക്കുന്നതിനു മുമ്പ് കൊയ്ത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവശേഷിക്കുന്ന നെല്ലു വെള്ളത്തിലാകും. ഈ സാഹചര്യത്തിലാണ് പലരും കൃഷി ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.