നാലാം ക്ലാസുകാരൻ പച്ചക്കറി കർഷകൻ...
text_fieldsതളിപ്പറമ്പ്: പത്ത് വയസ്സുകാരൻ നിർമിച്ച പച്ചക്കറിത്തോട്ടം കൗതുകമാവുന്നു. കുറുമാത്തൂർ കീരിയാടെ വീട്ടുപറമ്പിലാണ് നയൻജിത്ത് ഹരിതവിപ്ലവം തീർക്കുന്നത്. പുല്ലാഞ്ഞിയോട് എ.എൽ.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി മറ്റുള്ളവർക്കും മാതൃകയാണെന്ന് അധ്യാപകരും നാട്ടുകാരും പറയുന്നു.
വീടിനോട് ചേർന്ന അഞ്ച് സെന്റോളം സ്ഥലത്ത് തികച്ചും ജൈവ രീതിയിലാണ് നയൻജിത്തിന്റെ പച്ചക്കറി കൃഷി. ഇവിടെ തക്കാളി, വെള്ളരി, പയർ, വെണ്ട, വഴുതന, പറങ്കി, കക്കിരി തുടങ്ങിയ പച്ചക്കറികളും വാഴയുമെല്ലാം സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ്.
പഠനത്തിന്റെ ഇടവേളകളും ഒഴിവ് ദിവസങ്ങളിലുമാണ് നയൻജിത്ത് കൃഷിക്കായി നീക്കിവെച്ചത്. ചെറുപ്പത്തിൽ തന്നെ കൃഷിയോട് താൽപര്യം കാണിച്ചിരുന്ന നയൻജിത്തിന് രണ്ട് ടിഷ്യൂ കൾചർ നേന്ത്രവാഴത്തൈകളാണ് ആദ്യമായി വാങ്ങി നൽകിയതെന്ന് പിതാവ് രഞ്ജിത്ത് പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് വീട്ടിന് മുന്നിലും ടെറസിൽ ചാക്കിൽ മണ്ണ് നിറച്ചും കൃഷി ആരംഭിച്ചത്. പന്തൽ പണിക്കാരനായ പിതാവ് രഞ്ജിത്തും മാതാവ് റീനയുമാണ് കരിമ്പം ഫാമിൽ നിന്ന് ചെടികൾ വാങ്ങി നൽകി മകന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്.
സഹോദരി ഒന്നാം ക്ലാസുകാരിയായ നയനികയും മുത്തശ്ശി നാണിയും പച്ചക്കറി കൃഷി പരിപാലനത്തിന് നയൻജിത്തിനെ സഹായിക്കാറുണ്ട്. ജൈവവളം മാത്രം ഉപയോഗിച്ച് കൃഷി ചെയ്തതിനാൽ വിളവെടുപ്പ് തുടങ്ങിയപ്പോൾ തന്നെ തക്കാളിക്കും വഴുതനക്കും ഏറെ ആവശ്യക്കാരുണ്ട്. സ്വന്തം ആവശ്യം കഴിഞ്ഞ് വിൽപന നടത്തിയപ്പോൾ നല്ല വിലയും ലഭിച്ചു.
അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് നയൻജിത്ത് പറഞ്ഞു. ബാവുപ്പറമ്പ് പുല്ലാഞ്ഞിയോട് എ.എൽ.പി സ്കൂൾ വിദ്യാർഥിയായ നയൻജിത്ത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ മാതൃകയായി മാറിയിരിക്കുകയാണ്.
നയൻജിത്തിന് അധ്യാപകരും വലിയ പ്രോത്സാഹനമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.