വിത മുതൽ വിൽപന വരെ: നെട്ടോട്ടമോടി നെൽകർഷകർ
text_fieldsആലപ്പുഴ: നെൽകൃഷിക്കായി നിലം ഒരുക്കുന്നതുമുതൽ നെല്ല് വിൽക്കുന്നതുവരെ കർഷകർ നേരിടുന്ന ദുരിതങ്ങൾ എണ്ണിയാലൊടുങ്ങാത്തത്. നിലം ഒരുക്കാൻ യന്ത്രങ്ങളും ജോലിക്കാരെയും കിട്ടാനുള്ള നെട്ടോട്ടത്തിൽ തുടങ്ങുന്നതാണ് ദുരിതം. നിലം ഒരുക്കാൻ മഴ കനിയണം. മഴ കൂടിയാലും കുറഞ്ഞാലും കർഷകന്റെ നെഞ്ചിൽ തീയാളും. മഴ കുറഞ്ഞാൽ പ്രതീക്ഷിച്ച വിളവ് കിട്ടില്ല. മഴ കൂടിയാൽ എല്ലാം വെള്ളംകയറി നശിക്കും. വിത്ത് ലഭിക്കാനും കടമ്പകൾ ഏറെയാണ്.
ഇത്തവണ പുഞ്ചകൃഷിക്ക് വിത്തിനായി കുട്ടനാട്, അപ്പർകുട്ടനാട്, പാടങ്ങളിലെ കർഷകർ നെട്ടോട്ടം ഓടി. ദേശീയ വിത്ത് വികസനകേന്ദ്രത്തിൽനിന്ന് വിത്ത് ലഭിക്കാത്തതും കർണാടകയിൽനിന്നുള്ള ലഭ്യതക്കുറവുമാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. വിവിധ ഏജൻസികളിൽനിന്ന് കൃഷി വകുപ്പ് കിലോക്ക് 42 രൂപക്ക് വാങ്ങി കർഷകർക്ക് സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്. ഏക്കറിന് 40 കിലോ വിത്താണ് ലഭിക്കുക. വിതച്ച വിത്ത് പലയിടത്തും തുലാമഴയിൽ നശിച്ചു. അതോടെ പിന്നീട് കിലോക്ക് 44 രൂപ നിരക്കിൽ സ്വകാര്യ ഏജൻസികളിൽനിന്ന് വാങ്ങേണ്ട അവസ്ഥയായി. നെല്ല് സംഭരിച്ച പണം പൂർണമായി ലഭിക്കാതെ നട്ടം തിരിയുന്ന കർഷകർക്കാണ് വിത്തിനായും അലയേണ്ടിവന്നത്.
ആശങ്ക ഒഴിയാതെ കർഷകർ
ധനപ്രതിസന്ധിയുടെ പേരിൽ കർഷകരെ തട്ടിക്കളിക്കുന്നത് തുടരുന്ന സ്ഥിതിയാണുള്ളത്. സംഭരണവും വില നൽകലും കാര്യക്ഷമമാകില്ലെന്ന ആശങ്കയാണ് കർഷകർക്ക്. നെൽകൃഷി പ്രോത്സാഹനത്തിന് എല്ലാം ചെയ്യുന്നുവെന്ന് മന്ത്രിമാർ പറയുമ്പോഴാണ് നെല്ലിന്റെ വില ലഭിക്കുന്നില്ല. സപ്ലൈകോയാണ് നെല്ല് സംഭരിക്കുന്നത്. സപ്ലൈകോക്ക് ഈ ഇനത്തിൽ 666 കോടി സംസ്ഥാന സർക്കാറും 790 കോടി കേന്ദ്രസർക്കാറും നൽകാനുണ്ട്. കേന്ദ്രീകൃത രീതിയിൽ ഇപ്പോൾ സപ്ലൈകോ നടത്തിവരുന്ന സംഭരണം നാടുനീളെയുള്ള സഹകരണ സംഘങ്ങളെ ഏൽപിക്കുന്നത് കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളിലേക്കാവും നയിക്കുകയെന്ന് കർഷകർ ആശങ്കപ്പെടുന്നു. നെല്ല് സംഭരണത്തിന് ആവശ്യമായ പണം സർക്കാർ ലഭ്യമാക്കുകയാണ് വേണ്ടത്. പണം നൽകിയാൽ സപ്ലൈകോയുടെ സംഭരണ രീതി വിജയിപ്പിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.