ചക്കയല്ല ഇത് ചെമ്പടാക്ക്
text_fieldsചക്കയാണോ അതോ ആഞ്ഞിലിപ്പഴമാണോ? ഒറ്റ കാഴ്ചയിൽ ഇവയിലേതെങ്കിലുമൊന്നാണെന്ന് തോന്നുമെങ്കിലും സംഭവം ഇവരണ്ടുമല്ല. ചെമ്പടാക്ക് -ഇതാണ് ഈ അപരന്റെ പേര്. കൊതിപ്പിക്കുന്ന മണവും രുചിയുമാണ് ചക്കയിനത്തിൽപ്പെട്ട വിദേശിയായ ഈ ചെമ്പടാക്കിന്. ഏകദേശം 20 മീറ്ററോളം ഉയരത്തില്‍ ചെമ്പടാക്കിന്റെ ചെടി വളരും. ചക്കയുടെ അത്രയും വലിപ്പം ചെമ്പടാക്കിനില്ല. രണ്ടു മൂന്നുകിലോയോളം തൂക്കമുണ്ടാകും ഫലത്തിന്. ചുളകൾ കുറവായിരിക്കും. ആഞ്ഞിലിച്ചക്കയുടേതിന് സമാനമായ രുചിയായ ഇവയുടെ ചുളകൾക്ക് മഞ്ഞ കലർന്ന ഓറഞ്ച് നിറമായിരിക്കും. നട്ട് ഏകദേശം അഞ്ചുവർഷമാകുമ്പോൾ കായ്ഫലം തരും. തായ്ത്തടിയിലും വണ്ണം കൂടിയ ശാഖകളിലുമാണ് ഫലങ്ങൾ ഉണ്ടാകുക.
ഗുണമേന്മയുള്ള തൈകൾ നടാനായി തെരഞ്ഞെടുക്കാം. ഇവ നഴ്സറികളിൽനിന്ന് വാങ്ങുന്നത് നന്നാകും. നല്ല നീർവാഴ്ചയും സൂര്യപ്രകാശവുമുള്ള സ്ഥലത്ത് വേണം ചെമ്പടാക്ക് നടാൻ. കേരളത്തിലെ കാലാവസ്‍ഥയിൽ ചെമ്പടാക്ക് നന്നായി വളരും. 30 അടി അകലത്തിൽ വേണം തൈകൾ നടാൻ. ഒരു മീറ്റർ സമചതുരത്തിൽ കുഴിയെടുത്ത് തൈകൾ നടാം. തൈകൾ നടുന്നതിന് മുമ്പ് മേൽമണ്ണും ഉണക്ക ചാണകവും സൂപ്പർഫോസ്ഫേറ്റും വേപ്പിൻ പിണ്ണാക്കും കുഴികളിൽ നിറച്ചുകൊടുക്കുന്നത് നല്ലതാണ്. തൈ നട്ട് ആദ്യത്തെ ഒന്നുരണ്ടുവർഷം പ്രത്യേകമായി പരിപാലിക്കുന്നത് നല്ല വിളവ് ലഭിക്കാൻ സഹായിക്കും. മണ്ണിൽ ജൈവാംശവും അമ്ലത്വവുമുണ്ടെങ്കിൽ ചെമ്പടാക്ക് നന്നായി വളരും. വേനൽക്കാലത്ത് നനച്ചുകൊടുക്കണം. മാത്രമല്ല, മണ്ണിൽ ഈർപ്പം നിലനിർത്താനായി പുതയിട്ടുനൽകുകയും ചെയ്യാം. രോഗ, കീടബാധകൾ ചെമ്പടാക്കിനെ കാര്യമായി ബാധിക്കാറില്ല. പഴങ്ങൾ വളർന്നുവരുമ്പോൾ പോളിത്തീൻ കൂടുകൊണ്ട് പൊതിഞ്ഞു സൂക്ഷിക്കുന്നത് കീടങ്ങളെയും പ്രാണികളെയും അകറ്റിനിർത്താൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.