കാവല്ലൂർ പാടത്ത് കൃഷിനാശത്തിന് കാരണം കുമിൾ രോഗം
text_fieldsആമ്പല്ലൂർ: നെൽച്ചെടികൾക്ക് ഇലകരിച്ചിലും കടചീയലും ബാധിച്ച കാവല്ലൂര്‍ പാടശേഖരത്തിലെ കൃഷിയിടങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധസംഘം സന്ദര്‍ശിച്ചു. മണ്ണ് ശാസ്ത്ര വിഭാഗം അസി. പ്രഫ. എം.ആര്. മായാദേവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്.
കാവല്ലൂര്‍ പാടശേഖരത്തിൽ നെൽച്ചെടികളെ ബാധിച്ചത് കുമിള്‍ രോഗവും ബാക്ടീരിയയുമാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസ്സിലായതെന്ന് മായാദേവി പറഞ്ഞു. മണ്ണില്‍ ചിലയിടങ്ങളില്‍ പൊട്ടാഷ്യം, കുമ്മായം എന്നിവയുടെ കുറവുണ്ട്. അതിനാൽ വിശദ പരിശോധന ആവശ്യമാണ്.
മണ്ണ് പരിശോധനക്കുള്ള സാമ്പിളുകള്‍ അടിയന്തരമായി കൃഷിഭവനുകളില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും അവര്‍ പറഞ്ഞു. നെല്ലില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ പ്രത്യേക പരിശോധനക്ക് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാത്തോളജി വിഭാഗം പരിശോധന ഫലം പുറത്തുവന്നതിനുശേഷമാണ് തുടര്‍നടപടികള്‍ സ്വീകരിക്കുക.
അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്സന് തയ്യാലക്കല്‍, വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്തംഗം ടെസി വില്സന്, ബ്ലോക്ക് കൃഷി അസി. ഡയറക്ടര്‍ എസ്. സ്വപ്ന, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവരും സന്നിഹിതരായിരുന്നു. പാടശേഖരത്തിലെ 15 ഏക്കറോളം കൃഷിയാണ് കരിഞ്ഞുണങ്ങിയത്. ഇലകരിച്ചിലും കടചീയലും മൂലം അമ്പതേക്കറോളം നെല്‍കൃഷി നാശത്തിന്റെ വക്കിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.