വിളവെടുപ്പിനൊരുങ്ങി സ്വർഗത്തിലെ കനി ഗാഗ്ഫ്രൂട്ട്
text_fieldsകൊട്ടിയം: സ്വർഗത്തിലെ കനി വിളഞ്ഞുപഴുത്തു നിൽക്കുന്നതു കാണണമെങ്കിൽ മയ്യനാട് പഞ്ചായത്തിലെ പടിഞ്ഞാറേ പടനിലത്ത് എത്തിയാൽ മതി. ഇവിടെ ഷിയാസ്- ജുബൈറത്ത് ദമ്പതികൾ നടത്തുന്ന ഒലിവ് ഗാർഡനിലാണ് സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ‘ഗാഗ്’ ഫ്രൂട്ടുകൾ വിളയുന്നത്. ആദ്യം പച്ച, പിന്നെ മഞ്ഞ, വിളയുമ്പോൾ ചുവപ്പ് എന്നീ മൂന്നു നിറങ്ങളാണ് ഗാഗ്ഫ്രൂട്ടിന്. നാട്ടിൻപുറത്ത് അപൂർവമായി മാത്രമേ ഗാഗ്ഫ്രൂട്ട് പിടിക്കാറുള്ളൂ. ആൺ, പെൺ എന്നിങ്ങനെ രണ്ടിനങ്ങളിലാണ് ഗാഗ്ഫ്രൂട്ട് ചെടിയുള്ളത്.
ഈ രണ്ടിനങ്ങളും നട്ടുപിടിപ്പിച്ചാലേ കായ്ക്കുകയുള്ളു. പെൺചെടി പൂക്കുമ്പോൾ പൂവിന് താഴെ ചെറിയ കായ് പോലെയുണ്ടാകും. ഈ ചെടിയിൽ സ്വയംപരാഗണം നടക്കാത്തതിനാൽ ആൺ പൂവിൽനിന്ന് പൂമ്പൊടിയെടുത്ത് പെൺ പൂവിൽവെച്ചു കൊടുത്താണ് കായ് പിടിപ്പിച്ചതെന്ന് ഷിയാസും ജുബൈറത്തും പറയുന്നു. ഏറെനാളത്തെ ശ്രമഫലമായാണ് ഗാഗ്ഫ്രൂട്ട് പിടിപ്പിച്ചെടുക്കാനായത്.
തെക്കുകിഴക്കൻ ഏഷ്യയിലും വിയറ്റ്നാമിലുമാണ് ഗാഗ്ഫ്രൂട്ട് സാധാരണയായി വിളയുന്നത്. കാഴ്ചയിൽ മുള്ളൻചക്കയെയും കടൽ ജീവിയായ മുള്ളൻ പേത്തയേയും പോലെ ഇരിക്കും. ആൻറി ഓക്സൈഡുകളുടെയും വിറ്റാമിനുകളുടെയും കലവറ ഇതിലുണ്ട്.
ഫാഷൻ ഫ്രൂട്ടുപോലെ കട്ടിയുള്ള തണ്ടിലാണ് ഇത് പിടിക്കുന്നത്. ജ്യൂസിനായി ഉപയോഗിക്കുന്ന ഗ്യാഗ്ഫ്രൂട്ടിന് മധുരം കുറവാണെങ്കിലും ഔഷധമൂല്യം കൂടുതലാണ്. പാവൽ വർഗത്തിൽപ്പെട്ട ഗാഗ്ഫ്രൂട്ട് കിലോക്ക് 1500 രൂപവരെ വിലയുണ്ട്. കൊക്കോ മുറിക്കുമ്പോൾ അകത്തുള്ള പോലെ തന്നെയാണ് അരിയും പഴവും ഇതിനുള്ളിലും. ഫേസ്ക്രീമുകളുടെ നിർമാണത്തിനും ഉപയോഗിക്കാറുണ്ട്.
കെ.എസ്.ആർ.ടി.സിയിൽ മെക്കാനിക്കായ ഷിയാസ് നല്ലൊരു കർഷകൻ കൂടിയാണ്. മേവറം റോഡരികിലെ ഒലിവ് ഗാർഡനിൽ മൂന്ന് നിറങ്ങളിലായി വളർച്ചയുടെ മൂന്നുഘട്ടങ്ങളിലുള്ള ഗാഗ്ഫ്രൂട്ട് നിൽക്കുന്നത് വേറിട്ട കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.