ഗീതയുടെ കൂര കണ്ടാൽ കണ്ണുനിറയും; പച്ചക്കറി തോട്ടം കണ്ടാൽ മനസും
text_fieldsവെള്ളമുണ്ട: ഷെഡിലാണ് താമസമെങ്കിലും ആദിവാസി വീട്ടമ്മയുടെ കൃഷി നാടിന് മാതൃകയാവുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ എട്ടേനാൽ ഓണിവയൽ പണിയ കോളനിയിലെ ഗീതയാണ് പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്യുന്നത്. മഴ തുടങ്ങിയാൽ വെള്ളം കയറുന്ന സ്ഥലത്ത് വെള്ളം ഇറങ്ങിയാൽ ഗീത കൃഷി തുടങ്ങും.
അടുത്ത മഴ വരുന്നതുവരെ വ്യത്യസ്ത കൃഷി ചെയ്ത് സ്വന്തം ആവശ്യത്തിനും ബന്ധുക്കൾക്കും വേണ്ടുന്ന പച്ചക്കറികൾ ഉൽപാദിപ്പിക്കും. കടുത്ത പ്രയാസങ്ങൾക്ക് നടുവിൽനിന്ന് അവർ ഇത്തവണയും കൃഷിക്ക് തുടക്കം കുറിച്ചു.
നാലു വർഷമായി കൃഷി ചെയ്യുന്നുണ്ട്. വീടിനോട് ചേർന്ന തോടിെൻറ കരയിലാണ് കൃഷി. ലാഭനഷ്ടങ്ങളുടെ കണക്കുകൾ നോക്കാതെയാണ് കൃഷിയിറക്കുന്നത്.
മഴയുടെ തുടക്കത്തിൽ കോളനിയിൽ വെള്ളം കയറും. പിന്നെ ദിവസങ്ങളോളം സമീപത്തെ ദുരിതാശ്വാസ ക്യാമ്പിലാവും താമസം. മഴ കുറഞ്ഞാൽ വീട്ടിലേക്ക് തിരിച്ചുവരും. കൂര നന്നാക്കി താമസം തുടങ്ങുകയും കൃഷി പുനരാരംഭിക്കുകയും ചെയ്യും. പയർ, വെണ്ട, മുളക്, ചീര, ചോളം, ബീൻസ്, മത്തൻ തുടങ്ങി വിവിധ കൃഷികളാണ് ചെയ്യുന്നത്. പറക്കമുറ്റാത്ത രണ്ട് കുട്ടികളും ഭർത്താവും ഒന്നിച്ച് ഷെഡിലാണ് താമസം. ഉറക്കം പോലും ഇല്ലാത്ത ദിവസങ്ങളായിരുന്നിട്ടും കൃഷി കൈവിടാൻ ഇവർ തയാറായില്ല.
അന്യെൻറ വയലിൽ കൂലിപ്പണിയെടുത്ത് മാത്രം ശീലമുള്ളവരാണ് വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ പണിയർ. ഇതിന് തിരുത്ത് നൽകുകയാണ് വെള്ളമുണ്ടയിലെ ആദിവാസി അമ്മമാർ. സ്വന്തമായി നിലം ഒരുക്കി, വിത്തിറക്കി, പരിപാലിച്ച് വന്നപ്പോഴും വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ് ഇവർ പണിക്കിറങ്ങാറ്. എന്നാൽ, നല്ല വിളവും അനുകൂല കാലാവസ്ഥയും ഇവരുടെ വിളവെടുപ്പിന് സന്തോഷമേകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.