കാർഷിക-കയറ്റുമതി സാധ്യതകൾ പരിചയപ്പെടുത്തി ഘാന
text_fieldsദോഹ: കാർഷിക മേഖലയിൽ ശ്രദ്ധേയമായൊരു ആഫ്രിക്കൻ രാജ്യമാണ് ഘാന. പാം ഓയിലും അരിയും കൊക്കോയും പഴങ്ങളും പൈനാപ്പിളും ഉൾപ്പെടെ കാർഷിക മേഖലയിൽ വലിയ കയറ്റുമതി ശക്തികളിലൊന്ന്. തങ്ങളുടെ കാർഷിക വിളകൾക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്താനും, നിക്ഷേപ സാധ്യതകൾ തേടിയുമാണ് ഘാനയിൽ നിന്നുള്ള സംഘം ദോഹ എക്സ്പോയുടെ ഭാഗമാവുന്നത്.
അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സ്പോ 2023ന്റെ (ദോഹ എക്സ്പോ) ഭാഗമായി ‘അഗ്രിടെക്കിന്റെ പശ്ചാത്തലത്തിൽ ഘാനയിലെ കാർഷിക വ്യാപാര അവസരങ്ങൾ’എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് തങ്ങളുടെ കാർഷിക നിക്ഷേപ സാധ്യതകൾ ഘാന പരിചയപ്പെടുത്തുന്നത്.
ഘാനയിലെ കാർഷിക മേഖലയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും പുതുമകളും സംരംഭകത്വവും നിക്ഷേപ അവസരങ്ങളും സമ്മേളനത്തിൽ പങ്കാളികൾ ചർച്ച ചെയ്തു. ഖത്തറിലെ ഘാനയുടെ അംബാസഡർ മുഹമ്മദ് നൗറെദ്ദീൻ ഇസ്മായിൽ അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങളും മറ്റു നയതന്ത്രപ്രതിനിധികളും വ്യവസായ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.
കാർഷിക മേഖലയാണ് ഘാനയുടെ സാമ്പത്തിക വളർച്ചയുടെ നെടുംതൂണെന്നും രാജ്യത്തെ 45 ശതമാനം തൊഴിലാളികളും കാർഷിക മേഖലയിലാണെന്നും ജി.ഡി.പിയിൽ കാർഷികമേഖലയുടെ സംഭാവന 18.78 ശതമാനമാണെന്നും അദ്ദേഹം സംസാരത്തിനിടെ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.