ഇഞ്ചി നടാറായി...
text_fieldsസുഗന്ധദ്രവ്യവും ഔഷധവുമാണ് മണ്ണിനടിയിൽ വിളയുന്ന ഇഞ്ചി. മണ്ണിനടിയിൽ വിളയുന്ന കിഴങ്ങുവിളകൾ കൃഷിചെയ്യാനുള്ള ഉചിതമായ സമയമാണ് ഏപ്രിൽ. ഇഞ്ചിക്കൊപ്പം ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ തുടങ്ങിയ വിളകളും ഈ സമയത്തുതന്നെ കൃഷിചെയ്യാം.
ഒരേ സ്ഥലത്തുതന്നെ തുടർച്ചയായി ചെയ്യാതിരിക്കുക എന്നതാണ് ഇഞ്ചികൃഷിയിൽ പ്രധാനം. മണ്ണിലൂടെ രോഗം പരത്തുന്ന ബാക്ടീരിയകളും കുമിളുകളും പടരുന്നതിനാലാണിത്. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് അനുയോജ്യം. സൂര്യപ്രകാശം ലഭിക്കുന്നിടത്താണ് ഇഞ്ചി സമൃദ്ധമായി വളരുക.
കൃഷിക്ക് മുമ്പായി ഉഴുതോ കിളച്ചോ മണ്ണ് ഒരുക്കണം. മണ്ണിളക്കി ഒരടി അകലത്തിൽ തടങ്ങൾ കോരിയശേഷം കാലിവളമോ കമ്പോസ്റ്റോ കോഴിക്കാഷ്ടമോ ചേർത്തുനൽകാം. ശേഷം കീടരോഗങ്ങൾ ഇല്ലാത്ത ചെടികളിൽനിന്ന് ശേഖരിച്ച വിത്ത് നടണം. ഇഞ്ചി നട്ടതിനുശേഷം തടത്തിന് മുകളിൽ പച്ചിലയോ കരിയിലയോ ഓലയോ ഇട്ട് പുതയിടുന്നത് തടത്തിൽ ഈർപ്പം നിലനിർത്തും. സ്ഥലമില്ലാത്തവരാണെങ്കിൽ ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം ഇഞ്ചി നടാം. ഒരു മാസം കഴിയുമ്പോഴേക്കും തണ്ടും ഇലകളുമെല്ലാം വരും.
ഈ കാലയളവിനുള്ളിൽതന്നെ നന്നായി നനക്കുകയും വേണം. ആദ്യത്തെ നാലുമാസത്തിനുള്ളിൽ ഇഞ്ചിയുടെ വളർച്ചക്ക് ആവശ്യമായ എല്ലാ വളങ്ങളും നൽകണം. ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് ഇഞ്ചികൃഷിക്ക് ഏറ്റവും നല്ലത്. ഏഴെട്ടുമാസം പ്രായമാകുന്നതോടെ ഇഞ്ചിയുടെ ഇലയും തണ്ടുമെല്ലാം ഉണങ്ങിവീഴും. ഇഞ്ചി പാകമായിത്തുടങ്ങി എന്നറിയിക്കുന്ന സമയമാണിത്. ഇലകളും തണ്ടുമെല്ലാം പൂർണമായി ഉണങ്ങിയതിനുശേഷം വിളവെടുപ്പ് ആരംഭിക്കാം. ഇലകളും തണ്ടുകളും ഉണങ്ങിയെന്ന് കരുതി ഒരിക്കലും മണ്ണിനടിയിലെ ഇഞ്ചി ഉണങ്ങില്ല. അവ വീണ്ടും വളർന്നുകൊണ്ടിരിക്കും.
ഭക്ഷണത്തിന് മാത്രമല്ല, ഔഷധമായും ഇഞ്ചി ഉപയോഗിച്ചുവരുന്നു. ദഹനക്കേടിന് വളരെ നല്ലതാണ്. വിപണിയിൽ നല്ല വില ലഭിക്കുന്ന വിള കൂടിയാണ് ഇഞ്ചി. ചുക്കിനും നല്ല വില ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.