ഉൽപാദനം കുറഞ്ഞു; ഹൈറേഞ്ചിൽ ഇഞ്ചിക്കും ചുക്കിനും പൊന്നുംവില
text_fieldsകട്ടപ്പന: ഉൽപാദനം കുത്തനെ ഇടിഞ്ഞതോടെ ഹൈറേഞ്ചിൽ ഇഞ്ചിക്കും ചുക്കിനും പൊന്നുംവില. ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഇഞ്ചിക്കും ചുക്കിനും വില ഉയർന്നിരിക്കുന്നത്. ഉൽപാദനം വൻതോതിൽ കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇഞ്ചിവില കുതിച്ചുകയറി. രണ്ടു വർഷം മുമ്പ് കിലോക്ക് 28 രൂപ ലഭിച്ച ഗുണമേന്മയേറിയ നാടൻ ഇഞ്ചിയുടെ വില 140 രൂപയായും 150 രൂപ ലഭിച്ചിരുന്ന ചുക്കിന്റെ വില 370 ആയുമാണ് ഉയർന്നത്.
ഉൽപാദനം കുത്തനെ ഇടിഞ്ഞതാണ് ഡിമാൻഡിന് പ്രധാന കാരണം. ഹൈറേഞ്ചിലെ കർഷകരിൽ ഭൂരിഭാഗവും കൃഷി ഉപേക്ഷിച്ചതോടെയാണ് വില കുതിച്ചു കയറിയത്. വൻതോതിൽ ഇഞ്ചിയും ചുക്കും എത്തിയിരുന്ന ഹൈറേഞ്ചിലെ കമ്പോളങ്ങളിൽ ഇപ്പോൾ പേരിന് മാത്രമാണ് ഇഞ്ചിയെത്തുന്നത്.
ഇടക്കാലത്ത് ഏലം വില ഉയർന്നതോടെ പലരും ഇഞ്ചിക്കണ്ടങ്ങളിൽ ഏലം നട്ടു. രണ്ടു വർഷം മുമ്പ് ഇഞ്ചിവില 28 രൂപയായതോടെ ഉൽപാദനച്ചെലവുപോലും താങ്ങാൻ കഴിയാത്ത അവസ്ഥയെത്തിയതും കർഷകർക്ക് തിരിച്ചടിയായിരുന്നു.ഇഞ്ചികൃഷിക്ക് നടീൽ മുതൽ വിളവെടുപ്പുവരെ മികച്ച പരിപാലനവും വള പ്രയോഗവും വേണം. ഇടക്കാലത്ത് ഉണ്ടായ ഏലംവിലവർധന പണിക്കൂലി കുത്തനെ ഉയരാൻ കാരണമായി. ഇതോടെ മുൻവർഷങ്ങളിൽ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചികൃഷി ചെയ്തിരുന്നവർ കൃഷിപൂർണമായി ഉപേക്ഷിച്ചു. കാലാവസ്ഥ വ്യതിയാനവും ചാണകം ഉൾപ്പെടെയുള്ള ജൈവളങ്ങളുടെ വില വർധനയും കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു.
ഇത്തരം പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് പതിവായി ഇഞ്ചികൃഷി ചെയ്തിരുന്ന കർഷകർ വിലത്തകർച്ച നേരിട്ടതോടെ കടക്കെണിയിലുമായി. മുമ്പ് വൻ തോതിൽ ഇഞ്ചി കൃഷി ചെയ്തിരുന്ന കർഷകരിൽ പലരും ഇപ്പോൾ മറ്റു കൃഷികൾക്കൊപ്പം പേരിന് മാത്രമാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. ഇതാണ് ഉൽപാദനം കുത്തനെയിടിയാൻ കാരണമായത്. ഇഞ്ചിവില ഉയർന്നതോടെ ഹൈറേഞ്ചിലെ കർഷകർ വീണ്ടും ഇഞ്ചി കൃഷിയിലേക്ക് തിരിഞ്ഞിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.