കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമിട്ട് ഓർഗാനിക് തിയറ്റർ
text_fieldsപറവൂർ: സർക്കാറിന്‍റെ നൂറുദിന കർമപരിപാടികളുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പറവൂർ ബ്ലോക്കുതല ഉദ്ഘാടനം നടന്നു. കാർഷിക സാംസ്കാരിക നവോത്ഥാനത്തിന്റെ ഭാഗമായി ഓർഗാനിക് തിയറ്റർ പദ്ധതിക്ക് കൈതാരം പൊക്കാളി പാടശേഖരത്തിലാണ് തുടക്കം കുറിച്ചത്.
പദ്ധതിയുടെ പറവൂർ ബ്ലോക്കുതല ചടങ്ങ് കോട്ടുവള്ളി പഞ്ചായത്തിലെ കൈതാരം പൊക്കാളി പാടശേഖരത്തിൽ കൂനമ്മാവ് സെന്‍റ് ജോസഫ് ബോയ്സ് ഹോസ്റ്റലിലെ കുട്ടികൾ കൃഷി ചെയ്യുന്ന 25 ഏക്കർ കൃഷിയിടത്തിൽ പൊക്കാളി വിത്തുവിതച്ച് നടി കുളപ്പുള്ളി ലീല ഉദ്ഘാടനം ചെയ്തു.
വിവ കൾചറൽ ഡെവലപ്മെന്‍റ് ഓർഗനൈസേഷന്‍റെ ഓർഗാനിക് തിയറ്ററും ആരംഭിച്ചു. കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് തുടക്കമിട്ട് ഓർഗാനിക് തിയറ്ററിൽ കടമ്പനാട്ടം എന്ന നാടക അവതരണവും നടന്നു. ഓർഗാനിക് തിയറ്ററിന്റെ ആശയവും രൂപകൽപനയും സംവിധാനവും എസ്.എൻ. സുധീറാണ്. ഒരേ സമയം ജൈവകൃഷിയുടെയും ജൈവ നാടകത്തിന്‍റെയും വിത്തുകൾ ഒരുമിച്ചു പാകുകയും അവയെ നട്ടുനനച്ച് കീടങ്ങളകറ്റി പരിപാലിച്ച് പാകമാക്കി വിളവെടുപ്പിന് കാലമാകുമ്പോൾ ജൈവകലയായ നാടകത്തിന്റെ വിത്തും മുളക്കുന്നതാണ് ഓർഗാനിക് തിയറ്റർ. കൃഷിയിടവും കാർഷികോപകരണങ്ങളും ഒക്കെ കഥാപാത്രങ്ങളാകുന്ന ഓർഗാനിക് തിയറ്റർ വിഷരഹിത കാർഷിക സ്വാശ്രയത്വത്തിന് ഒരു ഗ്രാമത്തിനെ കലയിലൂടെ ഒരുക്കിയെടുക്കുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സിംന സന്തോഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ രാജി ജോസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. സനീഷ്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഷാരോൺ പനക്കൽ, എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, ദിവ്യ ഉണ്ണികൃഷ്ണൻ, കെ.ഡി. വിൻസെന്‍റ്, വൈസ് പ്രസിഡന്റുമാരായ അനിജ വിജു, പി.പി. അരൂഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി ടിമ്പിൾ മാഗി, കൃഷി ഡെപ്യൂട്ടി ഡയറക്റടർ അനിത കുമാരി, ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസർ പ്രതീക്ഷ, കൂനമ്മാവ് സെന്‍റ് ജോസഫ് ബോയ്സ് ഹോം ഡയറക്ടർ ഫാ. സംഗീത് ജോസഫ്, ഫാം ഇൻഫർമേഷൻ ബ്യൂറോ എ.ഡി.എ ജോൺ ഷെറി, പറവൂർ എ.ഡി.എ ജയ മരിയ, കോട്ടുവള്ളി കൃഷി ഓഫിസർ കെ.സി. റൈഹാന, എസ്.കെ. ഷിനു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.