വടക്കുന്നാഥനിലെ മുത്തശ്ശി ആലിന്റെ ചികിത്സ രണ്ടാംഘട്ടത്തിലേക്ക്
text_fieldsതൃശൂർ: ആദ്യഘട്ട ചികിത്സയിൽ പുതുനാമ്പുകൾ ഇട്ടതോടെ വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്തെ മുത്തശ്ശി ആലിന് പുതുജീവൻ. വനഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തിൽ രണ്ടാംഘട്ട ചികിത്സ ബുധനാഴ്ച മുതൽ ആരംഭിച്ചു. കട വേരുകൾക്ക് ക്ഷതം സംഭവിക്കാതെ വൃത്തിയാക്കുകയാണ് ആദ്യമായി ചെയ്തത്. പുതുതായി വന്ന കൊല്ല വേരുകൾക്ക് ഉണർവ് നൽകാനും പുതിയ വേരുകൾ വരാനുമായി മരുന്നുകൾ നൽകി. തുടർന്ന് മരത്തിന്റെ തൊലിപ്പുറത്തെ ഫംഗസുകളെ നശിപ്പിക്കാൻ മരുന്ന് തളിച്ചു. തടിയിൽ പുതുതായി മുളച്ച നാമ്പുകൾക്ക് കൂടുതൽ കരുത്ത് നൽകാനും പച്ചപ്പ് കിട്ടാനും ജൈവ മരുന്നുകൾ നൽകും. ഈ മരുന്നുകളുടെ ഫലപ്രാപ്തി കണക്കിലെടുത്ത് മൂന്നാഴ്ച കഴിഞ്ഞ് മൂന്നാംഘട്ട ചികിത്സ നൽകുമെന്ന് വനഗവേഷന കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. പി. സുജനപാൽ പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ആൽമരത്തിന് ചികിത്സ ആരംഭിച്ചത്. ആദ്യപടിയായി ഭാരമേറിയ ശിഖരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് കീടങ്ങളെയും ഫംഗസുകളെയും നശിപ്പിച്ചു. പിന്നീട് നാൽപാമരങ്ങളിൽപ്പെടുന്ന മറ്റു മരങ്ങളായ അത്തി, ഇത്തി, പേരാൽ എന്നിവ കൂടി ഇവിടെ നട്ടു. ഇത് ആലിന് കരുത്താകുമെന്നാണ് പ്രതീക്ഷ. വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രഭാഷണത്തിനെത്തിയ സ്വാമി ഭൂമാനന്ദ തീർഥയാണ് ആൽമരത്തിന്റെ വേരിൽ പടർന്നുകയറിയ ചിതലിനെയും മരത്തിന്റെ അപകടാവസ്ഥയും ചൂണ്ടിക്കാണിച്ചത്.
ഇതോടെ ദേവസ്വം ഇടപെടുകയും വനഗവേഷണ കേന്ദ്രത്തിൽനിന്ന് വിദഗ്ധരെത്തി പരിശോധന നടത്തുകയും ചെയ്തു. മരത്തിന്റെ പ്രായാധിക്യവും ചിതൽ മരത്തിന്റെ ഏറിയഭാഗം അപഹരിച്ചതുമെല്ലാം വിശദീകരിച്ച് മുറിച്ചുനീക്കാനുള്ള ശിപാർശയായിരുന്നു ദേവസ്വം അധികൃതർക്ക് നൽകിയത്. എന്നാൽ, എല്ലാവരെയും അമ്പരപ്പിച്ച് ആൽമരം വീണ്ടും തളിർത്ത് ഇലകളായി വീണ്ടും നിരവധി പൂരക്കാഴ്ചകൾക്ക് തണലൊരുക്കി. വാർധക്യത്തിലും ആരോഗ്യം ക്ഷയിച്ച് തീരുമ്പോഴും ആൽമുത്തശ്ശി ഇപ്പോഴും തളിരിടുന്നത് ഭക്തർക്കും ദേവസ്വം അധികൃതർക്കും ആശ്വാസവും പുതുപ്രതീക്ഷയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.