പച്ചത്തേങ്ങ വിലത്തകർച്ച: തെങ്ങ് മുറിച്ച് പ്രതിഷേധിച്ച് കർഷകർ
text_fieldsമുതലമട: പച്ചത്തേങ്ങ സംഭരണം നടക്കാത്തതിനെതിരെ തെങ്ങ് മുറിച്ച് പ്രതിഷേധിച്ച് കേര കർഷകർ. വലിയ ചള്ളയിലെ കർഷക സഹോദരങ്ങളായ വി.പി. നിജാമുദ്ദീൻ, വി.പി. ഉമ്മർ എന്നിവരാണ് തങ്ങളുടെ പറമ്പിലെ കായ്ഫലമുള്ള തെങ്ങുകൾ മുറിച്ചുമാറ്റി പ്രതിഷേധിച്ചത്. സർക്കാറിന്റെ പച്ചത്തേങ്ങ സംഭരണം നിലച്ചതിനാൽ വിലത്തകർച്ച മൂലം നാല് വർഷമായി കേരകർഷകർ നഷ്ടത്തിലാണെന്ന് വി.പി. നിജാമുദ്ദീൻ പറഞ്ഞു. കിലോക്ക് 20 രൂപ നൽകി വാങ്ങി 45 രൂപക്ക് വരെ വിൽപന നടത്തുന്ന സംവിധാനമാണ് നിലവിലുള്ളത്.
ഒരു വർഷത്തിൽ 2000ൽ അധികം ഒരു തെങ്ങിന് ചെലവാകുമ്പോൾ അതിൽനിന്ന് വർഷത്തിൽ ലഭിക്കുന്നത് 200-210 നാളികേരം മാത്രമാണ്. ഇതിന് വിലത്തകർച്ചയുണ്ടായത് കനത്ത തിരിച്ചടിയായി. തെങ്ങിന് 60 രൂപയാണ് തേങ്ങ പറിക്കാനായി വരുന്ന ചെലവ്. പച്ചത്തേങ്ങ സംഭരണം, കൊപ്ര സംഭരണം എന്നിവ നിശ്ചലമായതാണ് വിലയില്ലാതെ കൂട്ടിയിടാൻ വഴിവെച്ചത്. കേര കർഷകർക്ക് സർക്കാറിന്റെ ഒരു സഹായവും ലഭിക്കാത്തതാണ് തെങ്ങ് മുറിച്ച് പ്രതിഷേധിക്കാൻ കാരണമെന്ന് വി.പി. നിജാമുദ്ദീൻ പറഞ്ഞു.നിലവിൽ പച്ചത്തേങ്ങ സംഭരണം വി.എഫ്.പി.സി.കെ മുഖേന ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചെങ്കിലും മുച്ചങ്കുണ്ടിലെ സംഭരണ കേന്ദ്രത്തിൽ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതിനാൽ സംഭരണം ഇതുവരെ ആരംഭിച്ചിട്ടില്ല. സ്ഥലം ലഭ്യമാകാത്തതിനാലാണ് സംഭരണം നടക്കാത്തതെന്നും ഉടൻ പച്ചത്തേങ്ങ സംഭരണം ആരംഭിക്കുമെന്ന് മുതലമട കൃഷി ഓഫിസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.