വെട്ടം പഞ്ചായത്തിൽ ജൂൺ ഏഴു മുതൽ പച്ചത്തേങ്ങ സംഭരിക്കും
text_fieldsതിരൂർ: വെട്ടം പഞ്ചായത്തിലെ വി.എഫ്.പി.സി.കെയുടെ കേന്ദ്രത്തിൽ ജൂൺ ഏഴു മുതൽ പച്ചത്തേങ്ങ സംഭരണം ആരംഭിക്കുന്നു. സർക്കാർ നിശ്ചയിച്ച വിലയായ കി.ഗ്രാമിന് 32 രൂപ എന്ന നിരക്കിലാണ് കർഷകരിൽനിന്ന് ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പച്ചത്തേങ്ങ സംഭരിക്കുന്നത്. തിരൂർ ബ്ലോക്കിലെ എല്ലാ കർഷകരിൽനിന്നും പച്ചത്തേങ്ങ സംഭരിക്കും. കർഷകർ അതത് കൃഷി ഓഫിസർമാരിൽനിന്ന് വാങ്ങിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സർട്ടിഫിക്കറ്റ് ലഭിക്കാൻ അതത് വർഷത്തെ ഭൂമിയുടെ കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ എന്നിവയുടെ പകർപ്പ് സഹിതം അതത് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. അത് ലഭ്യമായശേഷം സംഭരണ സമയത്ത് കൃഷി ഓഫിസറുടെ സർട്ടിഫിക്കറ്റിനോടൊപ്പം ബാങ്ക് പാസ്ബുക്ക്, ആധാർ എന്നിവയുടെ കോപ്പികളും കർഷകർ ഹാജരാക്കണം. നേരത്തേ, കൂടുതൽ കേരകർഷകരുള്ള ജില്ലകളിലൊന്നായ മലപ്പുറത്തുപോലും ഒരു സംഭരണ കേന്ദ്രമാണ് സർക്കാർ ഒരുക്കിയിരുന്നത്. അതുതന്നെ ജില്ലയുടെ ഒരറ്റമായ എരമംഗലത്താണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഈ കേന്ദ്രത്തിൽ തേങ്ങ എത്തിക്കാൻ വൻതുക വാഹന വാടക ഇനത്തിൽ കർഷകർക്ക് ചെലവാകും. അതിനാൽ ജില്ലയിലെ കർഷകർ തൊട്ടടുത്ത പൊതുവിപണിയിൽ വിൽക്കലായിരുന്നു പതിവ്. പൊതുവിപണിയിൽ ഇപ്പോൾ 22-25 രൂപ വരെയാണ് മാസങ്ങളായി ലഭിക്കുന്നത്. ഉൽപാദനച്ചെലവ് ക്രമാതീതമായി വർധിച്ചതിനാൽ കൊപ്ര സംഭരണത്തിനും കർഷകർക്ക് കഴിയുന്നില്ല.
സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളിൽനിന്നും അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലെ കാങ്കയത്തേക്ക് വെളിച്ചെണ്ണയാക്കാനും കർണാടകയിലേക്ക് പൊടിയാക്കാനുമാണ് പച്ചത്തേങ്ങ കയറ്റി അയക്കുന്നത്. കേരളത്തിലെ തേങ്ങയെക്കാൾ ഗുണനിലവാരം കുറഞ്ഞ തേങ്ങ തുച്ഛവിലക്ക് തമിഴ്നാട്ടിൽ സുലഭമായി ലഭിക്കുന്നതും സംസ്ഥാനത്തെ തേങ്ങയുടെ വിലയിടിവിന് കാരണമായി. വെട്ടത്തും പച്ചത്തേങ്ങ സംഭരണം ആരംഭിക്കുന്നതോടെ തിരൂരിലെ കർഷകരും വലിയ ആശ്വാസത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.