ആന്തൂറിയം പൂന്തോട്ടത്തിന്റെ കാവൽ
text_fieldsപൂക്കളിൽ ഏറ്റവും വിപണി സാധ്യതയുള്ളവയാണ് ആന്തൂറിയം. പൂപാത്രത്തിൽ ദീർഘകാലം (കുറഞ്ഞത് ആറാഴ്ചയോളം) കേടു കൂടാതെയിരിക്കുമെന്നതാണ് ആന്തൂറിയത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ പൂവിപണിയിൽ ആന്തൂറിയത്തിന് ആവശ്യക്കാരേറെ. ജന്മദേശം അമേരിക്കയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയിൽ ലാഭകരമായി ആന്തൂറിയം കൃഷിചെയ്യാം.
ഇലകൾക്ക് രൂപാന്തരം സംഭവിച്ചുണ്ടായ പൂപ്പാളിയാണ് ആന്തൂറിയത്തിന്റെ പൂവ്. പൂപ്പാളിയുടെ മധ്യഭാഗത്തു നിന്ന് പുറപ്പെടുന്ന തിരിയിലാണ് യഥാർഥത്തിലുള്ള പൂക്കൾ. തിരിയിൽ സൂക്ഷിച്ചുനോക്കിയാൽ ചെറിയ പൂക്കൾ കാണാനാകും. കേരളത്തിലെ കാലാവസ്ഥയിൽ കൃഷി ചെയ്യാൻ കഴിയുന്ന ഇനങ്ങളാണ് ലിമവൈറ്റ്, ക്യൂബ, അഗ്നിഹോത്രി, ലിവർറെഡ്, കാൻകാൻ ട്രോപികൽ നിറ്റ സൺ ബെഴ്സിറ്റ്, ലിൻടാ-ഡി-മോൾ ടിനോര ആക്രോ പോളിസ്, ഗിനോ ഓറഞ്ച്, മിടോറി തുടങ്ങിയവ.
ചട്ടിയിലും നിലത്തും ആന്തൂറിയം വളർത്താം. ചട്ടിനിറക്കാൻ ഓടിൻ കഷ്ണവും കരിയുമാണ് കൂടുതൽ നല്ലത്. ചട്ടിയുടെ ചുവട്ടിൽ 2-3 ഇഞ്ച് പൊക്കത്തിൽ വലിയ ഓടിൻ കഷ്ണം ഇടണം. വെള്ളം പെട്ടന്ന് വാർന്നുപോകാതിരിക്കാൻ ഇത് സഹായിക്കും. അതിന് മുകളിൽ ചെറുതായി ഉടച്ച ഓടിൻ കഷ്ണവും കരിയും കൂടി കലർത്തി ഇടണം. ശേഷം ചെടി നടാം. ചെറുതായി മുറിച്ച ചകിരി കളഞ്ഞ നാലോ അഞ്ചോ തൊണ്ടിൻ കഷ്ണം വേരിന് സമീപം ഇടണം. ചട്ടി നിറക്കാൻ പാടില്ല. ചെടി വളരുന്നതിനനുസരിച്ച് ഓടിൻ കഷ്ണവും കരിയും തൊണ്ടിൻ കഷ്ണവും കൂടി കലർത്തി നൽകണം. ആറ്റുമണ്ണും പകരം ഉപയോഗിക്കാം.
പ്രധാന തണ്ട് മൂന്നു മുതൽ നാല് സെ.മീറ്റർ നീളത്തിൽ മുറിച്ചുവെച്ചാണ് പുതിയ തൈ ഉൽപാദിപ്പിക്കുക. കൂടുതൽ വണ്ണമുള്ള തണ്ടുകൾ നെടുകെ രണ്ടായി മുറിച്ച് ഉപയോഗിക്കാം. ഓരോ പകുതിയിലും രണ്ടു പാർശ്വമുകുളങ്ങളെങ്കിലുമുണ്ടായിരിക്കണം.
പുതിയ ചാണകം അല്ലെങ്കിൽ വേപ്പിൻപിണ്ണാക്ക് 10-15 ഇരട്ടി വെള്ളം ചേർത്ത് നാലു മുതൽ അഞ്ചു ദിവസം വരെ വെച്ചതിനുശേഷം അരിച്ചെടുത്ത് ചെടികളിൽ തളിക്കുന്നത് വേഗത്തിൽ വളരാൻ സഹായിക്കും. കൂടാതെ, ഗോമൂത്രം 25 ഇരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് കടയ്ക്കൽ ഒഴിക്കുകയോ ചെടികളിൽ തളിക്കുകയോ ചെയ്യാം. കോംപ്ലക്സ് വളം 19:19:19 2.5-5 ഗ്രാം വരെ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ആഴ്ചയിലൊരിക്കൽ ഒഴിക്കുന്നതും നന്നാകും.
നല്ല വളർച്ച കിട്ടുന്നതിനും കൂടുതൽ പൂവുണ്ടാകുന്നതിനും പഴയ ഇലകൾ മുറിച്ചുമാറ്റണം. കടയ്ക്കൽ ഉണ്ടാകുന്ന തൈകൾ ചെറുപ്രായത്തിൽത്തന്നെ മാറ്റണം. മഴക്കാലത്തിനുമുമ്പ് പഴയതും അധികമുള്ളതുമായ ഇലകൾ കളഞ്ഞശേഷം ചെടി വൃത്തിയാക്കണം. ഇതിലൂടെ രോഗ-കീടങ്ങളുടെ ആക്രമണം തടയാം.
പൂപ്പാളി വിരിഞ്ഞശേഷമാണ് തിരിയിലുള്ള യഥാർഥ പൂക്കൾ വിടരാൻ തുടങ്ങുക. ഇതനുസരിച്ച് തിരിയുടെ നിറം മാറും. മൂന്നിലൊരു ഭാഗത്തോളം പൂക്കൾ വിരിഞ്ഞശേഷം പറിച്ചെടുക്കാൻ ശ്രമിക്കണം. അത് പൂക്കൾ കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ സഹായിക്കും.
പൂപ്പാളിയുടെ തണ്ടോട് ചേരുന്ന ഭാഗത്തിന്റെ ദൃഢതയും പൂക്കൾ പറിക്കാനായതിന്റെ ലക്ഷണമാണ്. നല്ല മൂർച്ചയുള്ളതും വൃത്തിയുള്ളതുമായ കത്തി ഉപയോഗിച്ച് പൂക്കൾ മുറിച്ചെടുക്കണം. നീളമുള്ള തണ്ടോട്കൂടി ചെടിയുടെ ചുവട്ടിൽ നിന്നുതന്നെ പൂക്കൾ മുറിക്കാൻ ശ്രദ്ധിക്കണം. തണ്ടിന്റെ നീളം പൂപ്പാളിയുടെ മൂന്നിരട്ടിയെങ്കിലുമുണ്ടായിരിക്കണമെന്നാണ് കണക്ക്. അടിഭാഗം വെള്ളത്തിൽ മുക്കിവെക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.