കൊതുകിനെ തിന്നും ഗപ്പി
text_fieldsമഴക്കാലമായതോടെ കൊതുക്, ഈച്ച തുടങ്ങിയവ വീടും പരിസരവുമെല്ലാം കീഴടക്കിക്കഴിഞ്ഞു. ഉപയോഗശൂന്യമായ പാത്രങ്ങളിലും ഫിഷ് ടാങ്കുകളിലും അക്വേറിയത്തിലുമെല്ലാം കൊതുക് മുട്ടയിട്ടിരിക്കും. ഇത്തരം ചെറിയ ടാങ്കുകളിലും പാത്രങ്ങളിലുമെല്ലാം കൊതുകിനെ നശിപ്പിക്കാൻ പരീക്ഷിക്കാവുന്നതാണ് ഗപ്പി വളർത്തൽ.
റെയിൻബോ ഫിഷ്, മില്യൺ ഫിഷ് എന്നീ പേരുകളിലും, കൊതുകുകളെ നിയന്ത്രിക്കുന്നതിനാൽ മോസ്കിറ്റോ ഫിഷ് എന്നും ഗപ്പിയെ വിളിച്ചുപോരുന്നു. അലങ്കാരത്തിനാണ് ഗപ്പി വളർത്തുക. അലങ്കാര മത്സ്യങ്ങളുടെ കൂട്ടത്തിൽ ജനപ്രിയനാണ് ഗപ്പി. ശാന്ത സ്വഭാവക്കാരായ ഗപ്പികളെ ഉപദ്രവകാരികളല്ലാത്ത മറ്റു മത്സ്യങ്ങൾക്കൊപ്പവും വളർത്താം. എല്ലാ തരത്തിലുമുള്ള പരിസ്ഥിതികളിലും ഗപ്പികൾ വളരും.
വലുപ്പം, പാറ്റേൺ, വാലിന്റെ പ്രത്യേകത, നിറം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗപ്പികളെ തരം തിരിക്കുക. ആൺ മത്സ്യങ്ങൾക്ക് വലിയ വർണാഭമായ വാലുണ്ടായിരിക്കും. സിൽവർ റാഡോയാണ് ഗപ്പികളിലെ താരം.
ഒരു ആൺ മത്സ്യവും രണ്ടോ മൂന്നോ പെൺമത്സ്യങ്ങളുമായാണ് ഗപ്പികളെ വളർത്തുക. പെൺ മത്സ്യങ്ങൾ കാഴ്ചയിൽ വലുതും സാധാരണ ബ്രൗൺ നിറത്തിലുമായിരിക്കും. ആൺമത്സ്യങ്ങൾ മൂന്നും പെൺ മത്സ്യങ്ങൾ ആറും സെന്റിമീറ്റർ വരെ വളരും. ഉപ്പുരസം കലർന്ന വെള്ളത്തിൽ ജീവിക്കാനാണ് ഇവക്ക് ഇഷ്ടം. ഓക്സിജൻ അൽപം കുറഞ്ഞ വെള്ളത്തിലും ഇവ അതിജീവിക്കും. അതിനാൽ മോശം വെള്ളത്തിലും ഇവയെ വളർത്താനാകും.
അക്വേറിയത്തിലും മറ്റും വളർത്തുമ്പോൾ തീറ്റ നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ദിവസം രണ്ടുനേരം തീറ്റ ഇട്ടുനൽകാം. ആവശ്യമുള്ള തീറ്റ മാത്രമേ നൽകാവൂ. വെള്ളത്തിൽ തീറ്റ അധികമായാൽ അവ ചത്തുപോകും. 20-26 ഡിഗ്രിയിലുള്ള താപനിലയാണ് ഗപ്പിക്ക് അനുയോജ്യം. 2-3 വർഷമാണ് ഗപ്പിയുടെ ആയുസ്സ്.
22-28 ദിവസങ്ങൾക്കിടയിലാണ് ഇവയുടെ ഗർഭകാലം. പ്രജനന കാലത്ത് വെള്ളത്തിന് അധികം തണുപ്പ് നൽകാൻ പാടില്ല. 20 ഡിഗ്രി സെൽഷ്യസിൽ കുറവാണെങ്കിൽ അസുഖം വരാനും പ്രജനനം മന്ദഗതിയിലാകാനും കാരണമാകും. മാത്രമല്ല, പകൽ വെളിച്ചവും നൽകണം.
അക്വേറിയത്തിലോ ടാങ്കിലോ ചെറിയ കൂടുകളോ ചെടികളോ സ്ഥാപിക്കുന്നത് നല്ലതാണ്. 20 മുതൽ 100 കുഞ്ഞുങ്ങളെ വരെ ഗപ്പികൾ പ്രസവിക്കാറുണ്ട്. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഗപ്പിക്കുഞ്ഞുങ്ങൾക്ക് നീന്താൻ കഴിയും. കുഞ്ഞുങ്ങളുണ്ടായിക്കഴിഞ്ഞാൻ അവയെ തിന്നാതിരിക്കാനായി പെൺ ഗപ്പിയെ മാറ്റിയിടുന്നത് നന്നാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.