അരനൂറ്റാണ്ടിന്റെ പാൽചങ്ങാത്തം
text_fieldsകൊട്ടിയം: പശുക്കളുമായി ചങ്ങാത്തമില്ലാത്തൊരു കാലം അഞ്ച് പതിറ്റാണ്ടിനിടെ ഗിരിദീപത്തിൽ ഒരിക്കൽപോലും ഉണ്ടായിട്ടില്ല. ശുദ്ധമായ പാൽ നൽകി കൊട്ടിയം നിവാസികളുടെ ചുണ്ടിൽ പാൽപുഞ്ചിരി വിടർത്താൻ ചൂരൽ പൊയ്ക ഗിരിദീപത്തിൽ ഗിരീഷ് തുടങ്ങിയിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. പത്താം വയസ്സിൽ തുടങ്ങിയ ക്ഷീരപരിപാലനം അറുപതും പിന്നിട്ട് തുടരുകയാണ്.
സ്വദേശി, വിദേശി ഇനങ്ങളിൽപ്പെട്ട ഇരുപതോളം പശുക്കളുണ്ട് ഇവിടുത്തെ ഫാമിൽ. അവയെ പരിപാലിക്കുന്നതും കറക്കുന്നതുമൊക്കെ ഗിരീഷാണ്. പുലർച്ചെ കൊട്ടിയത്തും പരിസരത്തുമുള്ള വീടുകളിലും ക്ഷീര സംഘത്തിലുമായി പാൽ എത്തിക്കും. പശുക്കളെ കുളിപ്പിച്ച് അകിട് തുടച്ച് കറന്നെടുക്കുന്ന പാൽ അധികം വൈകാതെ വീടുകളിൽ എത്തിക്കുന്നതാണ് ജനവിശ്വാസം ആർജിക്കാൻ ഇടയാക്കിയത്.
ജേഴ്സി, എച്ച്.എഫ്, ഗിർ ഇനങ്ങളിൽപ്പെട്ട പശുക്കളും നാടൻ പശുക്കളുമാണ് ഇവിടെയുള്ളത്. കുട്ടിക്കാലത്ത് പിതാവ് വളർത്തിയിരുന്ന പശുക്കളെ പരിപാലിച്ചായിരുന്നു തുടക്കം. പശുക്കൾക്ക് എന്തെങ്കിലും അസ്വാഭാവികതയുണ്ടായാൽ തിരിച്ചറിയാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. അരലിറ്റർ വീതം കവറിലാക്കിയാണ് വിൽപന. മികച്ച ക്ഷീരകർഷകനുള്ള പഞ്ചായത്തിന്റെ ആദരവും കേന്ദ്ര സർക്കാറിന്റെ ഉപഹാരവും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.