കൊയ്ത്തുകാലം തുടങ്ങി; കർഷകർ പ്രതീക്ഷയിൽ
text_fieldsപത്തനംതിട്ട: ജില്ലയിൽ കൊയ്ത്തുകാലം തുടങ്ങിയതോടെ കർഷകർ നെല്ല് സംഭരണ തിരക്കിൽ. ഇനിയുള്ള ദിവസങ്ങൾ കറ്റമെതിക്കലും നെല്ല് ഉണക്കലും കച്ചി ഉണക്കലുമൊക്കെക്കൊണ്ട് സജീവമാകും.
കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ജില്ലയുടെ കിഴക്കൻ മേഖലയിലെ ഓമല്ലൂർ, വള്ളിക്കോട്, കൊടുമൺ, പ്രമാടം, ആറന്മുള, കോഴഞ്ചേരി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലാണ് കൊയ്ത്ത് തുടങ്ങിയത്. പത്തനംതിട്ടയുടെ നെല്ലറയായ അപ്പർ കുട്ടനാട്ടിൽ കൊയ്ത്ത് തുടങ്ങാൻ ഒരുമാസംകൂടി സമയമെടുക്കും.
പെരിങ്ങരയിൽ 1000 ഹെക്ടറിലും നിരണത്ത് 550 ഹെക്ടറിലുമാണ് കൃഷിയുള്ളത്. തൊഴിലാളികളെ ഇറക്കിയുള്ള കൊയ്ത്തിനു കൂടുതൽ സമയവും കൂലിയും വേണ്ടിവരുന്നതിനാൽ എല്ലാവരും യന്ത്രങ്ങളെയാണ് ആശ്രയിക്കുന്നത്.
ആലപ്പുഴ, കൊല്ലം ജില്ലകളിൽനിന്ന് തമിഴ്നാട്ടിൽനിന്നുമാണ് കൊയ്ത്ത്, മെതി യന്ത്രങ്ങൾ എത്തിക്കുന്നത്. അപ്പർ കുട്ടനാട് കഴിഞ്ഞാൽ കൂടുതൽ നെൽകൃഷിയുള്ള സ്ഥലമാണ് വള്ളിക്കോട്. 150 ഹെക്ടർ പാടത്താണ് കൃഷിയുള്ളത്. ഒമ്പത് പാടശേഖരങ്ങളായിട്ടാണ് കൃഷി. നടുവത്തൊടിയിൽ 25 ഹെക്ടറും തലച്ചേമ്പിൽ 24 ഹെക്ടറും തട്ടയിൽ 12 ഹെക്ടറും അട്ടതഴയിൽ എട്ട് ഹെക്ടറും നരിക്കുഴിയിൽ 15ഹെക്ടറും വേട്ടകുളത്ത് 35 ഹെക്ടറും കൊല്ലായിൽ 25 ഹെക്ടറും കാരുവേലിൽ ആറ് ഹെക്ടറും പാടശേഖരമുണ്ട്. ഇവിടെനിന്ന് കൊയ്തെടുക്കുന്ന നെല്ല് സിവിൽ സപ്ലൈസ് വകുപ്പിന് നൽകും. ഈ വർഷം 500 ടണ്ണിന്റെ നെല്ലാണ് പ്രതീക്ഷിക്കുന്നത്. ഉമ ഇനത്തിലുള്ള നെല്ലാണ് വിതച്ചിരിക്കുന്നത്. കൊയ്ത്ത് യന്ത്രത്തിന് മണിക്കൂറിന് 2000 രൂപയാണ് വാടക.
‘കൃഷി ചെലവുകൂടി കർഷകന് നഷ്ടം മാത്രം’
പത്തനംതിട്ട: ബാങ്ക് വായ്പയെടുത്തും സ്വർണം പണയംവെച്ചുമൊക്കെയാണ് കർഷകർ കൃഷിയിറക്കുന്നത്. ഈ വായ്പകൾ തിരിച്ചടക്കാനാകാതെ കർഷകർ നട്ടം തിരിയുന്ന അവസ്ഥയാണ് ഇപ്പോള്‍.
വട്ടിപ്പലിശക്ക് വരെ വായ്പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ കടക്കെണിയുടെ നടുവിലാണ്. കാലാവസ്ഥ ചതിച്ചാൽ എല്ലാം തകിടംമറിയും. കൃഷിച്ചെലവുകൾ വർധിച്ചതോടെ കർഷകന് നഷ്ടം മാത്രമേയുള്ളൂവെന്ന് അപ്പർകുട്ടനാട് നെൽകർഷക സമിതി പ്രസിഡന്റ് സാം ഈപ്പൻ പറഞ്ഞു. വളത്തിനും അടിക്കടിയാണ് വില വർധിക്കുന്നത്.
ഒരു ചാക്ക് പൊട്ടാഷിന് 1700 ഉം ഫാക്ടംഫോസിന് 1400 രൂപയായും വർധിച്ചു. കൂലി ഇനത്തിലും വൻ വർധന വന്നു. കേന്ദ്രസംസ്ഥാന-സർക്കാറുകൾ പ്രഖ്യാപിക്കുന്ന ആനുകൂല്യം യഥാസമയം കർഷകന് കിട്ടാറില്ലെന്നും ആനുകൂല്യം വെട്ടിക്കുറക്കുകയാെണന്നും സാം ഇൗപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.