ഓരുജല മത്സ്യങ്ങൾക്കും ഹാച്ചറി വരുന്നു
text_fieldsബേപ്പൂർ: സംസ്ഥാനത്ത് ഓരുജല മത്സ്യങ്ങൾക്കും ഹാച്ചറി സ്ഥാപിക്കുന്നു. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനത്തിെൻറ (സിബ) സാങ്കേതിക സഹായത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിലാണ് വിത്തുൽപാദന കേന്ദ്രം വരുന്നത്.
തിരുവനന്തപുരം ജില്ലയിലെ ഓടയത്താണ് കരിമീൻ, നരിമീൻ, പൂമീൻ എന്നിവയുടെ വിത്തുൽപാദന കേന്ദ്രമായ മൾട്ടി സ്പീഷീസ് ഹാച്ചറി ആദ്യമായി കേരളത്തിൽ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ഓരുജല മത്സ്യകർഷകർക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്.
അയൽ സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിച്ച മത്സ്യക്കുഞ്ഞുങ്ങളാണ് നിലവിൽ കേരളത്തിലെ കർഷകർ കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്തുകളുടെ ലഭ്യതയുമായി ബന്ധപ്പെട്ട മത്സ്യ കർഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാർഗമെന്ന നിലക്കാണ് ഫിഷറീസ് വകുപ്പ് സിബയുടെ വിത്തുൽപാദന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സന്നദ്ധമായത്.
ആദ്യപടിയായി സിബയും ഫിഷറീസ് വകുപ്പിന് കീഴിലെ അഡാക്കും (ഏജൻസി ഫോർ െഡവലപ്മെൻറ് ഓഫ് അക്വാകൾച്ചർ) ധാരണപത്രം ഒപ്പുവെച്ചു. വർഷം മുഴുവൻ പ്രവർത്തിക്കുന്ന തരത്തിലാണ് ഹാച്ചറി രൂപകൽപന. വിത്തുൽപാദനത്തോടൊപ്പം ഈ മേഖലയിൽ മതിയായ പരിശീലനം നൽകി മാനവവിഭവശേഷി വികസിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.ഓരുജല മത്സ്യകൃഷിയിൽ ഏറെ സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. മത്സ്യക്കുഞ്ഞുങ്ങൾ ആവശ്യാനുസരണം ലഭ്യമല്ലാത്തതാണ് മേഖല നേരിടുന്ന മുഖ്യ പ്രതിസന്ധി. സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ളതും വാണിജ്യമൂല്യമുള്ളതുമായ കരിമീൻ, നരിമീൻ, പൂമീൻ എന്നിവയുടെ വിത്തുൽപാദനം കേരളത്തിൽതന്നെ നടക്കുന്നതോടെ, മേഖലയിൽ വൻ നേട്ടമുണ്ടാകാനാണ് സാധ്യത.
ഗുണനിലവാരമുള്ള വിത്തുകൾ ആവശ്യാനുസരണം മത്സ്യകർഷകർക്ക് ലഭ്യമാകുന്നതോടെ സംസ്ഥാനത്തിെൻറ ആഭ്യന്തര മത്സ്യ ഉൽപാദനം ഗണ്യമായി വർധിക്കും.
പുതിയ ഹാച്ചറി കേരളത്തിലെ ഓരുജല മത്സ്യ കൃഷിയിൽ വഴിത്തിരിവാകുമെന്നും, ഗവേഷണ സ്ഥാപനങ്ങളും സർക്കാർ ഏജൻസികളും കൈകോർക്കുന്നതിലൂടെ സുസ്ഥിര മത്സ്യകൃഷി സമ്പ്രദായം വികസിപ്പിക്കാനാകുമെന്നും സിബ ഡയറക്ടർ ഡോ. കെ.കെ. വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.