പ്രായാധിക്യം ബാധിച്ച ഏഴിലംപാലക്ക് ആരോഗ്യ ചികിത്സ; ആറു മാസത്തിനുശേഷം മരം പുനരുജ്ജീവിക്കുമെന്ന് ബിനു
text_fieldsതിരുവനന്തപുരം: വാർധക്യവും രോഗാതുരതയും തറച്ച ആണികളും കാരണം ബുദ്ധിമുട്ടുകയായിരുന്ന ഏഴിലംപാല മുത്തശ്ശി മരത്തിന് ഇനി 20 കൂട്ട് ആയുർവേദ ചികിത്സ. രാമച്ചം, താമരയുടെ വേര് മുതൽ പൂവ് വരെ, വൻതേൻ, പശുവിൻ പാൽ, ചാണകം, ചികിത്സ ചെയ്യുന്ന മരത്തിന് അടിയിലെ മണ്ണ്, വയലിലെ മണ്ണ്, ചിതൽ പുറ്റിെൻറ മണ്ണ്, കദളിപ്പഴം തുടങ്ങിയ 20 ഒാളം മരുന്ന് കൂട്ടുകൾ പ്രത്യേക മിശ്രിതം തയാറാക്കി പാല മരത്തിെൻറ കേടുപറ്റിയ ഭാഗത്ത് തേച്ചുപിടിപ്പിച്ചായിരുന്നു നഗരവാസികളുടെ ശ്രദ്ധ ആകർഷിച്ച ചികിത്സ.
മ്യൂസിയം-നന്ദാവനം റോഡരികിൽ വർഷങ്ങളായി നിൽക്കുന്ന ഏഴിലംപാല ക്ഷയിച്ചതിനെ തുടർന്നാണ് ചികിത്സ നൽകാൻ തയാറായത്. നഗരത്തിലെ പരിസ്ഥിതി സംഘടനയായ 'ട്രീ വാക്കാ'ണ് വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുമായി ചേർന്ന് വൃക്ഷപാലന (വൃക്ഷായുർവേദ ചികിത്സ) പരിപാടി സംഘടിപ്പിച്ചത്. നൂറുവർഷം പഴക്കമുള്ളതാണ് ഇൗ മരം.
രാജ്യത്തെമ്പാടും 62 മരങ്ങൾക്ക് വൃക്ഷായുർവേദ ചികിത്സ നൽകി പുതുജീവൻ നൽകിയ കോട്ടയം വാഴൂരിലെ കെ. ബിനുവിെൻറ നേതൃത്വത്തിലായിരുന്നു ചികിത്സ. മരുന്ന്കൂട്ടുകളുടെ പട്ടിക നേരത്തേ നൽകിയത് പ്രകാരം തലസ്ഥാനത്ത് ലഭിക്കുന്നവ ട്രീവാക്ക് പ്രവർത്തകർ ശേഖരിച്ചു. ബാക്കിയുള്ളവ വൃക്ഷ-പരിസ്ഥിതി സംരക്ഷണ സമിതിക്കാർ കൊണ്ടുവന്നു.
നഗരസഭാ കൗൺസിലറുടെ സഹായത്തോടെ ജീവനക്കാർ മരത്തിന് ചുവട്ടിലെ മാലിന്യം ഉൾപ്പെടെ മാറ്റിയിരുന്നു. പാല മരത്തിെൻറ ചുവട്ടിൽ മലിന്യം കൂട്ടിയിട്ട് നഗരമാലിന്യം കത്തിച്ചത് കാരണം മരത്തിെൻറ തടിക്ക് പൊള്ളലേറ്റിരുന്നു. കൂടാതെ, പാലയുടെ മേൽ അടിച്ച് തറച്ചുവെച്ച 25 ആണികളാണ് ഉൗരിമാറ്റേണ്ടിവന്നത്. മരത്തിെൻറ ക്ഷയിച്ച ഭാഗം കഴുകി വൃത്തിയാക്കി.
പാൽ, അരിപ്പൊടി മിശ്രിതം പുരട്ടി മരത്തിലെ ഉറുമ്പ് ഉൾെപ്പടെ ചെറുജീവികേളാട് അനുവാദം ചോദിച്ചാണ് ചികിത്സ തുടങ്ങിയത്. ശേഷം മരുന്ന് കൂട്ടുകൾ 60 ഒാളം വലിയ ഉരുളകളാക്കി തീപ്പൊള്ളലേറ്റ് പോടുവന്ന ഭാഗത്ത് കൈകൊണ്ട് ഒന്നര ആൾ പൊക്കത്തിൽ തേച്ചുപിടിപ്പിച്ചു. തുടർന്ന്, 10 മീറ്റർ നീളത്തിലുള്ള തുണി പാലിൽ മുക്കി ചികിത്സ നടത്തിയ ഭാഗത്ത് കെട്ടി. ഇനി ആറു ദിവസം തുടർച്ചയായി മൂന്ന് ലിറ്റർ പാൽ തുണിയുടെ മുകളിൽ സ്പ്രേ ചെയ്യും.
ആറു മാസത്തിനുശേഷം മരം പുനരുജ്ജീവിക്കുന്നതിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമെന്ന് ബിനു 'മാധ്യമ'ത്തോട് പറഞ്ഞു. 2019 ൽ ട്രീവാക്കിെൻറ ക്ഷണം അനുസരിച്ച് പാളയം സാഫല്യം കോംപ്ലക്സിനു മുന്നിലെ മരമല്ലിക്ക് നൽകിയ ചികിത്സ പൂർണവിജയമായെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.