പശുക്കൾക്കും സൂര്യാതപം; കരുതൽ വേണം
text_fieldsമനുഷ്യർ മാത്രമല്ല, പശുക്കൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളും കൊടുംചൂടിന്റെയും ഉഷ്ണതരംഗത്തിന്റെയും സൂര്യാതപത്തിന്റെയും ഭീഷണിയിലാണ്. സംസ്ഥാനത്ത് ഇതുവരെ അഞ്ഞൂറിലധികം പശുക്കൾ സൂര്യാതപമേറ്റ് ചത്തു എന്നാണ് ക്ഷീരവികസന വകുപ്പിന്റെ റിപ്പോർട്ട്.
മേയുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു ഏറെയും ചത്തത്. നാടൻ കന്നുകാലികളെക്കാൾ ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജേഴ്സി തുടങ്ങിയ സങ്കരയിനം പശുക്കളെയാണ് കൂടിയ ചൂട് ഗുരുതരമായി ബാധിക്കുക. വിദേശജനുസ്സുകളായ ഇവക്ക് അധിക ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി തീർത്തും കുറവാണ്.
ഉയർന്ന ശരീരോഷ്മാവ്, ഉമിനീര് ധാരാളമായി പുറത്തേക്ക് ഒഴുകൽ, മൂക്കിൽനിന്ന് നീരൊലിപ്പ്, ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛാസം, കിതപ്പ്, വായ് തുറന്ന് പിടിച്ചുള്ള അണപ്പ്, വിറയൽ എന്നിവയെല്ലാം ഉഷ്ണസമ്മർദത്തിന്റെ ലക്ഷണങ്ങളാണ്. കൂടുതൽ ഉൽപാദനക്ഷമതയുള്ളവ, ഗർഭത്തിന്റെ അവസാന മാസങ്ങളിൽ എത്തിനിൽക്കുന്നവ, കൂടുതൽ കറുപ്പ് നിറമുള്ളവ തുടങ്ങിയ വിഭാഗം പശുക്കളെ ഉഷ്ണസമ്മർദം കൂടുതലായി ബാധിക്കും.
പശുക്കൾക്ക് സൂര്യാതപമേറ്റാൽ...
ഉഷ്ണസമ്മർദം താങ്ങാവുന്നതിലും അധികമാവുന്നതോടെ പശുക്കൾ സൂര്യാതപത്തിന്റെയും സൂര്യാഘാതത്തിന്റെയും ലക്ഷണങ്ങൾ കാണിക്കും. കിതപ്പ്, തളർച്ച, നടക്കുമ്പോൾ വേച്ചുവീഴൽ, കൈകാലുകൾ തറയിലടിച്ച് പിടയൽ, വായിൽനിന്ന് നുരയും പാതയും വരൽ, തൊലിപ്പുറത്ത് പൊള്ളേലേറ്റ പാട് തുടങ്ങി സൂര്യാതപമേറ്റതിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ വൈദ്യസഹായം തേടണം. ഒപ്പം പശുവിനെ തണലിലേക്ക് മാറ്റി തണുത്തവെള്ളത്തിൽ നനച്ച് മേലാസകലം തുടക്കുകയും, ധാരാളം കുടിവെള്ളം നൽകുകയും വേണം.
പശുക്കൾ സൂര്യാതപമേറ്റ് മരണപ്പെടുകയാണെങ്കിൽ വിവരം തൊട്ടടുത്ത മൃഗാശുപത്രിയിൽ അറിയിക്കാൻ കർഷകർ ശ്രദ്ധിക്കണം. കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കർഷകരുടെ ശ്രദ്ധക്ക്
- പകൽ 11നും മൂന്നിനും ഇടയിലുള്ള സമയത്ത് പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും കെട്ടിയിടുന്നതും ഷീറ്റ് കൊണ്ട് മേഞ്ഞ ഉയരവും വായുസഞ്ചാരവും കുറഞ്ഞ തൊഴുത്തിൽ പാർപ്പിക്കുന്നതും ഒഴിവാക്കണം.
- ചൂട് കൂടുതലുള്ള സമയങ്ങളിൽ പശുക്കളെ തൊഴുത്തിൽ നിന്നിറക്കി പുറത്തുള്ള തണലുള്ള സ്ഥലങ്ങളിൽ പാർപ്പിക്കണം. പശുക്കളെ വാഹനത്തിൽ കയറ്റിയുള്ള ദീർഘയാത്രകള് രാവിലെയും വൈകീട്ടുമായി ക്രമീകരിക്കണം.
- തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. കഴിയുമെങ്കിൽ തൊഴുത്തിനുള്ളിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കണം.
- തൊഴുത്തിന്റെ മേല്ക്കൂരക്കുകീഴെ പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്പ്പോളിന് എന്നിവയിലേതെങ്കിലും ഉപയോഗിച്ച് അടിക്കൂര (സീലിങ്) ഒരുക്കുന്നത് തൊഴുത്തിലെ ചൂട് കുറക്കും.
- തൊഴുത്തിൽ പശുക്കളെ ഇടക്കിടെ കുളിപ്പിക്കുന്നതിന് പകരം തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി മേൽക്കൂര നനച്ച് നൽകാവുന്നതാണ്. ചണച്ചാക്ക് കീറി തണുത്തവെള്ളത്തിൽ നനച്ച് പശുക്കളുടെ കഴുത്തിൽ തൂക്കിയിടുന്നതും ഉഷ്ണസമ്മർദം കുറക്കാൻ സഹായിക്കും
- സ്പ്രിംഗ്ലര്‍, ഷവർ, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനക്കുന്നത് ചൂട് കുറക്കാന്‍ ഫലപ്രദമാണ്. ചൂടു കൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിറ്റ് നേരം ഇവ പ്രവർത്തിപ്പിച്ച് തൊഴുത്തിന്റെ അന്തരീക്ഷം തണുപ്പിക്കാം.
- തൊഴുത്തില്‍ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. രാത്രി വേണ്ടത്ര വെള്ളം വെള്ളത്തൊട്ടിയിൽ നിറച്ചുവെക്കണം.
- കാലിത്തീറ്റയും വൈക്കോലും നൽകുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. വൈക്കോൽ വെള്ളത്തിൽ കുതിർത്തു തീറ്റയായി നൽകാം. പകല്‍ ധാരാളം ജലാംശം അടങ്ങിയ നല്ലയിനം തീറ്റപ്പുല്ലും, അസോള, ശീമക്കൊന്ന, അഗത്തി, മുരിങ്ങ, പീലിവാക, മൾബറി, ഈർക്കിൽ മാറ്റിയ തെങ്ങോല പോലുള്ളവ നല്‍കണം.
- അണപ്പിലൂടെ ഉമിനീർ കൂടുതലായി നഷ്ടപ്പെടുന്നത് കാരണം പശുക്കളുടെ ആമാശയത്തിൽ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാൻ സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), ഒരു കിലോ കാലിത്തീറ്റക്ക് 10 ഗ്രാം നിരക്കിൽ തീറ്റയിൽ ചേർത്തു നൽകാം. ഒരു കിലോ സാന്ദ്രീകൃത കാലിത്തീറ്റക്ക് 10 ഗ്രാം എന്ന കണക്കിൽ ധാതുജീവക മിശ്രിതവും ആകെ തീറ്റയിൽ 10 മുതൽ 25 ഗ്രാം വരെ കല്ലുപ്പും പ്രോബയോട്ടിക്കുകളും ചേർത്ത് നൽകുന്നതും ഗുണകരമാണ്.
- വേനൽക്കാലത്ത് പശുക്കൾ മദിലക്ഷണങ്ങൾ കാണിക്കുന്നതും മദിയുടെ ദൈർഘ്യവും കുറയാനിടയുള്ളതിനാൽ അതിരാവിലെയും സന്ധ്യക്കും മദി നിരീക്ഷിക്കണം.
- കൃത്രിമ ബീജധാനം തണലുള്ള സ്ഥലത്തുവെച്ച് നടത്തണം.
- വേനലിൽ രോഗാണുവാഹകരായ പട്ടുണ്ണിപരാദങ്ങള്‍ പെരുകും. പശുക്കളുടെ മേനി പരിശോധിച്ചാൽ രോമകൂപങ്ങൾക്കിടയിൽ പറ്റിപ്പിടിച്ചുനിന്ന് രക്തം കുടിക്കുന്ന പട്ടുണ്ണികളെ കാണാം. അസ്വഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സേവനം തേടാന്‍ മറക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.