നദികളിൽ ജലനിരപ്പ് ഉയരുന്നു; കരക്കൃഷിക്ക് നാശം
text_fieldsആലപ്പുഴ: ഒരാഴ്ചയായി തുടരുന്ന മഴ ശമിക്കാത്തത് കാർഷിക മേഖലക്ക് തിരിച്ചടിയാകുന്നു. പമ്പാ, അച്ചൻകോവിൽ മണിമലയാർ എന്നിവയിൽ ജലനിരപ്പ് ഉയർന്നു തുടങ്ങി. പലയിടത്തും കരകൃഷി നശിച്ചു. അപ്പർകുട്ടനാട്ടിൽ കൊയ്ത്ത്കഴിയാത്ത പാടങ്ങളിൽ വെള്ളംകയറി നെൽകൃഷിക്കും നാശമുണ്ടായി. കൊയ്ത നെല്ല് ഏറ്റെടുക്കുന്നതിൽ കിഴിവിനെ ചൊല്ലി നിലനിന്ന തർക്കം നിമിത്തം പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ലും വെള്ളംകയറിയ നിലയിലായി. മഴ ഈ വിധം തുടർന്നാൽ തങ്ങൾ വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് കുട്ടനാട്ടുകാർ. നദികളിൽ ജലനിരപ്പ് ഉയർന്നതോടെയാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിതുടങ്ങിയത്. ഓണക്കാല വിപണി ലക്ഷ്യമിട്ട് നടന്നു വന്നിരുന്ന കര കൃഷിയാണ് വെളളം കയറി നശിച്ചത്.
പച്ചക്കറി, വാഴ, കപ്പ തുടങ്ങിയ കൃഷി നശിച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പത്തനംതിട്ടയിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലും കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയാണ് പമ്പാനദിയിലെ ജല നിരപ്പ് ഉയരാൻ കാരണം. മണലും എക്കലും ചളിയുമടിഞ്ഞ് നദിയുടെ ജലവാഹന ശേഷി ഗണ്യമായി കുറഞ്ഞതും ജല നിരപ്പ് ഉയരുന്നതിന് ആക്കം കൂട്ടുന്നു. പമ്പയിൽ കലങ്ങി മറിഞ്ഞ കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായ ഒഴുക്കും ആരംഭിച്ചു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളുടെ തീരങ്ങളിൽ താമസിക്കുന്നവരുടെ വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തോട്ടപ്പള്ളി സ്പിൽവെ ഷട്ടറുകൾ വഴി വെള്ളം കടലിലേക്ക് ഒഴുക്കി വിടുകയും കുട്ടനാട് അപ്പർ കുട്ടനാടൻ മേഖലകളിലെ തടസ്സപ്പെട്ടു കിടക്കുന്ന നീരൊഴുക്ക് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുകയും ചെയ്താൽ മാത്രമേ കുട്ടനാട്ടുകാർക്ക് അല്പമെങ്കിലും ആശ്വസിക്കാൻ വകയുള്ളൂ.ഇതിനായി സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മുൻകൈ എടുക്കണമെന്ന് കുട്ടനാട്ടുകാർ ആവശ്യപ്പെടുന്നു.
ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ട്
മഴ തുടരുന്നതിനാൽ ഗ്രാമീണ റോഡുകളിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. കുട്ടനാടൻ മേഖലയിൽ റോഡുകളിലെ വെള്ളക്കെട്ട് യാത്ര മുടക്കുന്ന നിലയിലായി. തകഴി-നീരേറ്റുപുറം സംസ്ഥാന പാതയിൽ പലസ്ഥലങ്ങളിലും സമാന അവസ്ഥയാണ്. കോഴിമുക്ക് വീയപുരം റോഡ് ജങ്ഷൻ, ചെക്കിടിക്കാട് മിൽമ ജങ്ഷന് സമീപം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കോഴിമുക്ക് ജങ്ഷനിൽ വീയപുരം റോഡിലേക്ക് ബസ് കാത്ത് യാത്രക്കാർ ചെളിവെള്ളത്തിൽ നിൽക്കേണ്ട അവസ്ഥയാണ്. ചെക്കിടിക്കാട് മിൽമാ ജങ്ഷന് സമീപത്തും വെള്ളക്കെട്ടാണ്. മഴവെള്ളം കെട്ടിക്കിടന്ന് റോഡിന്റെ മുക്കാൽ ഭാഗത്തോളം വെള്ളത്തിൽ മുങ്ങി. രണ്ട് വീട്ടുകാർ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായി. മഴ വെള്ളം കെട്ടിക്കിടന്ന് ഇവരുടെ വീട്ടുമുറ്റം മുട്ടോളം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് അടിയന്തിരമായി ഈ സ്ഥലങ്ങളിലെ വെള്ളം ഒഴുക്കി വിടാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.