കൊയ്തിട്ട നെല്ല് വെള്ളത്തിൽ; കൈമലർത്തി അധികൃതർ
text_fieldsകോട്ടയം: കുട്ടനാട്-അപ്പർ കുട്ടനാട് മേഖലയിലെ മുഴുവൻ നെല്ലും സമയബന്ധിതമായി സംഭരിക്കാൻ അടിയന്തര നടപടിയെന്ന് മന്ത്രിമാർ പറയുമ്പോഴും പാടശേഖരങ്ങളിൽ കൂട്ടിയിട്ട നെല്ല് വെള്ളത്തിൽതന്നെ. അധികൃതരെ കാത്തിരിക്കാതെ വെള്ളം നിറഞ്ഞ പാടത്തുനിന്ന് കർഷകർ നെല്ല് വാരിക്കയറ്റുന്ന കരളലിയുന്ന കാഴ്ചയാണ് പാടശേഖരങ്ങളിൽ. നാല്‍പതിലേറെ ലോഡ് നെല്ല് കൂട്ടിയിട്ടിരിക്കുന്ന തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടത്ത് കഴിഞ്ഞ ദിവസംതന്നെ വെള്ളം കയറിയിരുന്നു. നെല്ല് മാറ്റിയിടാൻ ഇടമില്ലാത്തതിനാൽ മോട്ടോർ വെച്ച് വെള്ളം വറ്റിക്കുകയാണ് കർഷകർ.
നാട്ടകം കൃഷിഭവനുകീഴിലെ അർജുനക്കരി, വരവുമേലി, കൊച്ചുപള്ളം, കാഞ്ഞിരത്തിൽ കുഴിയാടി എന്നിവിടങ്ങളിലെല്ലാം കൊയ്ത നെല്ല് വെള്ളത്തിലാണ്. കാഞ്ഞിരം ജെ-ബ്ലോക്ക് ഒമ്പതിനായിരം പാടത്ത് ഉപ്പൂടാൻ ബ്ലോക്കിൽ കൊയ്തിട്ട 250 ടൺ നെല്ലിൽ വെള്ളംകയറി. ഞായറാഴ്ച കൊയ്ത്തു നടക്കേണ്ടിയിരുന്ന കോട്ടയം കൃഷിഭവനു കീഴിലെ 33 ഏക്കർ വേളൂർ എഴുപതിൽപ്പാടത്ത് നെൽച്ചെടിയുടെ അറ്റംപോലും കാണാത്തവിധം വെള്ളത്തിലായി.
നാട്ടകം കൃഷിഭവനുകീഴിലെ കാഞ്ഞിരത്തിൽ കുഴിയാടി പാടത്ത് 26 ഏക്കറിലും കൊച്ചുപള്ളം പാടത്ത് 62 ഏക്കറിലും നേരത്തേ കൊയ്ത്ത് പൂർത്തിയായതാണ്. സാമ്പിൾ കൊണ്ടുപോയതല്ലാതെ നെല്ലെടുക്കാൻ ആളെത്തിയിട്ടില്ല. അർജുനക്കരി പാടശേഖരത്തെ 22 ഏക്കറിലെ നെല്ല് പാടത്താണ് കൂട്ടിയിട്ടിരുന്നത്. വെള്ളം കയറിയപ്പോൾ സമീപത്തെ വീട്ടുമുറ്റത്തേക്ക് മാറ്റിയിട്ടു.
അവിടെയും വെള്ളം കയറിയപ്പോൾ തൊട്ടടുത്ത പുത്തനാറിൻ കരയിലേക്ക് മാറ്റി. ഒരടികൂടി വെള്ളമായാൽ തോട് കരകവിഞ്ഞ് നെല്ല് ഒഴുകിപ്പോവും.
ഇനി മാറ്റിയിടാൻ വേറെ ഇടമില്ലെന്ന് കർഷകർ വേദനയോടെ പറയുന്നു. പാഡി ഓഫിസറെ കണ്ട് വിവരം ധരിപ്പിച്ചെങ്കിലും ഗോഡൗണിൽ നെല്ലിടാൻ സ്ഥലമില്ലെന്നാണ് മില്ലുകാർ പറയുന്നതത്രെ. കൊച്ചുപള്ളം പാടശേഖരത്തിലെ നെല്ല് രണ്ടുദിവസം കൊണ്ട് എടുക്കാമെന്നാണ് മില്ലുകാരുടെ ഏജന്‍റ് പറയുന്നത്. അപ്പോഴേക്കും നെല്ല് നനയും. അതോടെ മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവിന് നെല്ല് നൽകേണ്ടിവരും.
തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് പാടത്ത് മഴയില്ലാതിരുന്നപ്പോള്‍ അഞ്ചുകിലോ കിഴിവു വേണമെന്ന ആവശ്യമാണ് സംഭരണം ആദ്യം തടസ്സപ്പെടാന്‍ കാരണമാക്കിയത്. തുടര്‍ന്ന് മഴവന്നതോടെ 10കിലോ വരെ കിഴിവുനല്‍കാന്‍ കര്‍ഷകര്‍ തയാറായെങ്കിലും തുടങ്ങാൻ വൈകി.
തിങ്കളാഴ്ച രാവിലെ നാലുലോഡ് കയറ്റിപ്പോയിരുന്നു. ബാക്കി പാടത്തുതന്നെ കിടക്കുന്നു. വള്ളത്തിൽ കയറ്റി കാവാലത്തേക്കാണ് ഇവിടെനിന്ന് നെല്ല് കൊണ്ടുപോകുന്നത്. കോട്ടയം കൃഷിഭവന് കീഴിലുള്ള വേളൂർ എഴുപതിൽപ്പാടം കായൽ പോലെയാണ് നിറഞ്ഞുകിടക്കുന്നത്. ജനുവരിയിലാണ് ഇവിടെ കൊയ്ത്ത് നടക്കേണ്ടിയിരുന്നത്. റോഡുപണിക്കായി വെള്ളം വറ്റിച്ചുനൽകിയതിനാൽ കൊയ്ത്ത് വൈകി. ജനുവരിയിലാണ് വിത നടന്നത്. ഞായറാഴ്ച കൊയ്യാൻ ഇറങ്ങാനൊരുങ്ങുമ്പോഴാണ് തോട് കരകവിഞ്ഞ് വെള്ളം കയറിയത്. ചുറ്റുപാടും വെള്ളം കയറിയതിനാൽ ഒഴുക്കിവിടാനും നിവൃത്തിയില്ല.
സംഭരിച്ചത് 133.26 കോടിയുടെ നെല്ല്
കോട്ടയം: ജില്ലയില്‍ ഇതുവരെ 133.26 കോടിയുടെ നെല്ല് സംഭരിച്ചുവെന്നാണ് അധികൃതരുടെ കണക്ക്. 14918 കര്‍ഷകരില്‍നിന്ന് 47,594 ടണ്‍ നെല്ലാണ് സംഭരിച്ചത്.
പുഞ്ചകൃഷിയുടെ 70 ശതമാനത്തിലേറെ കൊയ്തുവെന്നാണ് സപ്ലൈകോയുടെ കണക്ക്. 5000 ടൺ നെല്ല് കൊയ്തതായും 5000 ടൺ കൊയ്യാനുണ്ടെന്നുമാണ് പാഡി ഓഫിസറുടെ കണക്ക്. ജൂണ്‍ 15വരെ കൊയ്ത്ത് നടക്കും. എന്നാല്‍, ഇനി കൊയ്ത്ത് അവശേഷിക്കുന്ന പാടങ്ങളില്‍ പലതും മടവീഴ്ച ഭീഷണിയിലാണെന്നത് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.