ഹോർട്ടികോർപ് പച്ചക്കറി ഉൾപ്പെടെ സംഭരിച്ചത് 80 ടൺ
text_fieldsതൊടുപുഴ: ജില്ലയിൽ ഹോർട്ടികോർപ് പച്ചക്കറിയുൾപ്പെടെയുള്ളവയുടെ സംഭരണം തുടങ്ങി. രണ്ടു ദിവസമായി ദേവികുളം മേഖലയിൽനിന്നടക്കം 80 ടണിനടുത്താണ് പച്ചക്കറി ശേഖരിച്ചത്. വട്ടവടയിൽനിന്ന് കാര്യമായി പച്ചക്കറികൾ കിട്ടിയിട്ടില്ല. എല്ലാ ജില്ലകളിലേക്കും പച്ചക്കറികൾ എത്തിച്ചുതുടങ്ങി. ഏകദേശം 140 ടൺ പച്ചക്കറി കർഷകർ ഹോർട്ടികോർപ്പിന് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇഞ്ചി, ഏത്തക്കുല, ചേന എന്നിവയെല്ലാം കൃഷിഭവനിൽനിന്ന് ഏറ്റെടുത്ത് മറ്റ് ജില്ലകളിലേക്കടക്കം കയറ്റി അയക്കുന്നുണ്ടെന്നും ഹോർട്ടികോർപ് ജില്ല മാനേജർ പമീല വിമൽരാജ് പറഞ്ഞു. വട്ടവടയിൽനിന്നടക്കം കർഷകരിൽ പലരും പച്ചക്കറി തരാത്തതാണ് ഇവിടെനിന്നുള്ള പച്ചക്കറി സംഭരണത്തിന് തടസ്സമായതെന്നാണ് ഹോർട്ടികോർപ് പറയുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ദേവികുളം, എല്ലപ്പെട്ടി, ചെണ്ടുവരൈ എന്നിവിടങ്ങളിൽനിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും പച്ചക്കറി ശേഖരിച്ചു. കാരറ്റിന് 34ഉം കാബേജിന് 14ഉം ഉരുളക്കിഴങ്ങിന് 34ഉം സെലക്ഷൻ ബീൻസിന് 35ഉം ബീറ്റ്റൂട്ടിന് 25 രൂപയും വില നിശ്ചയിച്ചാണ് സംഭരിച്ചത്. കഴിഞ്ഞ വർഷത്തെ കുടിശ്ശിക നൽകാത്തതിനാൽ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകില്ലെന്ന് കാന്തല്ലൂർ, വട്ടവട പ്രദേശത്തെ കർഷകർ പറയുന്നു. അതേസമയം, കുടിശ്ശിക നൽകാനില്ലെന്ന് ഹോർട്ടികോർപ്പും വ്യക്തമാക്കുന്നു.
കേരളത്തിൽ ശീതകാല പച്ചക്കറി വിളയുന്ന പ്രധാന പഞ്ചായത്തുകളാണ് കാന്തല്ലൂരും വട്ടവടയും.
കാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വിവിധയിനം ബീൻസുകൾ, ബീറ്റ്റൂട്ട്, വെളുത്തുള്ളി എന്നിവയാണ് ഇവിടെ വിളയുന്നത്. ഇടനിലക്കാരും വ്യാപാരികളും വട്ടവട, കാന്തല്ലൂർ മേഖലയിൽ ഇപ്പോൾ സജീവമായതോവടെ ഇവരാണ് വിളകളുടെ വില നിശ്ചയിക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.