ഹോർട്ടികോർപ്പ്: ആറുമാസ വരുമാനം 24.27 കോടി
text_fieldsകൊച്ചി: ഹോർട്ടികോർപ്പിന് പഴം, പച്ചക്കറി എന്നിവ നൽകിയ വകയിൽ സംസ്ഥാനത്തെ കർഷകർക്ക് ലഭിക്കാനുള്ളത് 2.5 കോടി രൂപ. കുടിശ്ശിക ലഭ്യമാകാത്തതിനാൽ കടംവാങ്ങിയും മറ്റും കൃഷിചെയ്ത കർഷകരുടെ ദുരിതം തുടരുകയാണ്. ഈ സാമ്പത്തിക വർഷം ഹോർട്ടികോർപ്പിന് ലഭിച്ച വരുമാനം 24.27 കോടിയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഹോർട്ടികോർപ്പിന്‍റെ പ്രതിമാസ വിറ്റുവരവ് ശരാശരി നാലുകോടി രൂപയോടടുത്താണ്. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ ഹോർട്ടികോർപ് ഔട്ട്ലറ്റുകൾ വഴി വിൽക്കുന്നതാണ് രീതി. എന്നാൽ, തുടർച്ചയായ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും കോവിഡ് വ്യാപനവുമൊക്കെ തുക കുടിശ്ശികയാകാൻ കാരണമായെന്ന് അധികൃതർ വിശദീകരിക്കുന്നു.
പ്രതികൂല സാഹചര്യത്തിലും ഉൽപന്നങ്ങൾ സംഭരിക്കേണ്ടി വന്നു. എന്നാൽ, ഈ കാലയളവിൽ സ്ഥിര ഉപഭോക്താക്കളായ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, ലൈസൻസി സ്റ്റാളുകൾ, നേരിട്ട് നടത്തുന്ന സ്റ്റാളുകൾ എന്നിവയിലൂടെ പച്ചക്കറി വിതരണത്തിന് തടസ്സം നേരിട്ടത് തിരിച്ചടിയായി.
സ്കൂൾ, കോളജ് ഹോസ്റ്റലുകളുടെയും പ്രവർത്തനം നിലച്ചതോടെ സംഭരിച്ച ഉൽപന്നങ്ങൾ യഥാസമയം വിൽക്കാനായില്ല. ഇതോടെ ഹോർട്ടികോർപ്പിന് വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നതിനാലാണ് കർഷകർക്ക് യഥാസമയം തുക നൽകാൻ കഴിയാതിരുന്നതെന്നും അധികൃതർ പറയുന്നു.
വിപണി ഇടപെടലിനായി സർക്കാറിൽനിന്ന് ധനസഹായം ലഭിക്കുന്ന മുറക്കാണ് കർഷകർക്കുള്ള കുടിശ്ശിക വിതരണം ചെയ്തുവരുന്നത്. ഹോർട്ടികോർപ് കഴിഞ്ഞ ഓണത്തോടനുബന്ധിച്ച് 500 സ്വന്തം സ്റ്റാളുകളും ഫ്രാഞ്ചൈസി സ്റ്റാളുകളും സംഘടിപ്പിച്ചു.
സ്വന്തം സ്റ്റാളിൽനിന്ന് 1.41 കോടി രൂപയും ഫ്രാഞ്ചൈസി സ്റ്റാളിൽനിന്ന് 24.45 ലക്ഷം രൂപയും വിറ്റുവരവ് ലഭിച്ചു. കർഷകരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ ഓണത്തോടനുബന്ധിച്ച് ഹോർട്ടികോർപ് കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ പത്ത് ശതമാനം അധിക വില നൽകി സംഭരിച്ചിരുന്നു.
ഇതിന് കേരളത്തിലുടനീളം 19 ജില്ല സംഭരണ കേന്ദ്രങ്ങളും ഉപകേന്ദ്രങ്ങളും സജ്ജമാക്കി. കൂടാതെ ഉൽപന്നങ്ങൾ വിതരണം ചെയ്യാൻ എല്ലാ ജില്ലയിലും ഏകീകൃത ഘടനയിലുള്ള 21 മൊബൈൽ യൂനിറ്റുകൾ രംഗത്തിറക്കിയെന്നും അധികൃതർ വ്യക്തമാക്കി.
വരുമാനം കോടിയിൽ
ഏപ്രിൽ 3.25 കോടി
മേയ് 2.99 കോടി
ജൂൺ 3.41 കോടി
ജൂലൈ 3.62 കോടി
ആഗസ്റ്റ് 3.9 കോടി
സെപ്റ്റം. 7.1 കോടി
കുടിശ്ശിക ലക്ഷത്തിൽ (തുക മേഖല തിരിച്ച്)
ആലപ്പുഴ 5.79
എറണാകുളം 16.44
തൃശൂർ 0.29
ഗുരുവായൂർ 2.93
ഹരിപ്പാട് 2.73
കോഴിക്കോട് 6.98
കൊല്ലം 7.47
കോട്ടയം 6.51
മലപ്പുറം 15.57
പാലക്കാട് 24.82
തിരുവനന്തപുരം 156.00
കണ്ണൂർ 4.99
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.