മട്ടുപ്പാവിലെ നൂറുമേനി
text_fieldsനാട്ടിൽ വീട്ടുമുറ്റത്തും തൊടിയിലും ഒക്കെ ആയി വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ച് അതിൽനിന്ന് വിളവെടുത്തു ജൈവ പച്ചക്കറികൾ കഴിക്കുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക സംതൃപ്തിയുണ്ടല്ലോ... ആ സംതൃപ്തി തേടിയാണ് സണ്ണി മാവിനാൽ ജോൺ എന്ന പത്തനംതിട്ടകാരൻ ഷാർജയിലെ തന്‍റെ ഫ്ലാറ്റിലെ മട്ടുപ്പാവിൽ പച്ചക്കറി കൃഷി തുടങ്ങിയത്.
തന്നെപ്പോലെ തന്നെ ചെടികളെ ഒത്തിരി സ്നേഹിക്കുന്ന ഭാര്യ ലീനാ സണ്ണിയുമുണ്ട് ഈ മട്ടുപ്പാവ് ഒരസ്സൽ പച്ചക്കറിത്തോട്ടമാക്കി മാറ്റാൻ. തക്കാളിയും വെള്ളരിയും കൈപ്പവും പടവലവും ഒക്കെ കാഴ്ച്ചുനിൽക്കുന്ന മനോഹരമായ ഒരു പച്ചക്കറി തോട്ടം.
2007ലാണ് താമസിക്കുന്ന വില്ലയിൽ ഇവർ പച്ചക്കറിത്തോട്ടം നാട്ടിലെ കൃഷിയറിവ് വെച്ച് തയ്യാറാക്കുന്നത്. ജൈവ വളവും, എല്ലുപൊടിയും, കമ്പോസ്റ്റും തുടങ്ങി എല്ലാം തനി നാടൻ കൃഷി രീതി തന്നെ. ഒരുവിധപ്പെട്ട എല്ലാ പച്ചക്കറികളും ഇവിടെ വിളഞ്ഞിട്ടുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ വീട്ടാവശ്യങ്ങൾക്കും ബാക്കി സുഹൃത്തുകൾക്കും ഒക്കെ കൊടുക്കാറാണ് പതിവ്.
മനസ്സിന് ആശ്വാസം കൂടി നൽകുന്ന ഒന്നാണ് ഈ ജൈവ കൃഷിയെന്ന് സണ്ണി പറയുന്നു. ഒന്ന് ശ്രമിച്ചാൽ ആർക്കും എവിടെയും കൃഷി ചെയ്യാം. മരുഭൂമിയിലും നാട്ടിലെ പോലെത്തന്നെ നൂറുമേനി വിളയിക്കാമെന്നും ഇത്തിരി കരുതൽ കൊടുത്താൽ ഈ ചൂടും വെയിലുമൊന്നും പച്ചക്കറി തൈകൾക്കേൽക്കില്ലെന്നും സണ്ണി പറയുന്നു. വിളഞ്ഞ പച്ചക്കറികൾ വിൽക്കാനല്ല, പകരം സ്വന്തമായി കൃഷി ചെയ്യുമ്പോഴും അത് സുഹൃത്തുക്കൾക്ക് കൊടുക്കിമ്പോഴുമൊക്കെ മനസ്സ് നിറക്കുന്ന സന്തോഷമാണ് പ്രധാന ലക്ഷ്യം. ഓരോ തവണയും വിളവെടുക്കുമ്പോഴും വിത്തുകൾ ശേഖരിച്ചുവെച്ച് അടുത്ത കൃഷിക്കായുള്ള തയ്യാറെടുപ്പും തുടങ്ങും.
കഴിഞ്ഞ വർഷങ്ങളിൽ മാത്രം 250 കിലോയോളം പച്ചക്കറികളാണ് ഇവർ ഇവിടെ വിളവെടുത്തത്. 35 വർഷത്തിലധികമായി യു.എ.ഇയിൽ തന്നെയാണ് സണ്ണിയും കുടുംബവും. ഷാർജ അൽ മജാറയിലുള്ള ഇവരുടെ വീട്ടിൽ മുക്കാൽ ഭാഗവും കൃഷി തന്നെയാണ്. നാട്ടിൽ പത്തനംതിട്ട ജില്ലയിലെ മല്ലശ്ശേരി സ്വദേശികളാണ്. ഇത്തിരി സ്ഥലത്ത് ഒന്ന് മനസ്സ് വെച്ചത് ഒത്തിരി വിളയിക്കാമെന്ന് തെളിയിക്കുക കൂടിയാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.