കാർഷിക വിളകളുടെ ജലദൗർലഭ്യത്തിന് പരിഹാരമായി ഹൈഡ്രോജൽ കാപ്സ്യൂൾ കൃഷിരീതി
text_fieldsഅമ്പല്ലൂർ: കൃഷിവകുപ്പ് ആത്മ പദ്ധതിയുടെ ഭാഗമായി അളഗപ്പനഗർ പഞ്ചായത്തിലെ കൃഷിപാഠശാലയിൽ സൗമ്യ ബിജുവിന്റെ വാഴത്തോട്ടത്തിൽ ഹൈഡ്രോജൽ ക്യാപ്സ്യൂൾ ഉപയോഗിച്ചുള്ള കൃഷിരീതിക്ക് തുടക്കം കുറിച്ചു.
ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പാലക്കാട് കൃഷി വിജ്ഞാനകേന്ദ്രം വികസിപ്പിച്ചെടുത്ത ഹൈഡ്രോജൽ കാപ്സ്യൂൾ ആണ് പരീക്ഷണാർഥം വാഴത്തോട്ടത്തിൽ ഉപയോഗിക്കുന്നത്.
മണ്ണിലെ ജലാംശം നിലനിർത്തുന്ന ഈ ഗുളികയിൽ പരിസ്ഥിതിക്കിണങ്ങിയ സ്റ്റാർച്ച് അധിഷ്ഠിതമായ ചേരുവയാണുള്ളത്. ഇത് മണ്ണിനെ ഈർപ്പമുള്ളതാക്കി മാറ്റാൻ സഹായകരമാംവിധം വെള്ളത്തെ സംഭരിച്ചു വക്കുകയും ചെടിക്ക് ആവശ്യമുള്ള സമയത്ത് ലഭ്യമാക്കുകയും ചെയ്യും.
34 ഗ്രാം തൂക്കമുള്ള ഒരു കാപ്സ്യൂളിനു മൂന്ന് രൂപയാണ് വില. ഓരോ ചെടിയുടെയും വലിപ്പത്തിനനുസരിച്ച് വേര് പടലത്തോട് ചേർന്ന് മണ്ണിൽ കുഴിച്ചിടുകയാണ് രീതി. ആദ്യം നന്നായി നനക്കണം. ഓരോ കാപ്സ്യൂളും 400 ഓളം ഇരട്ടി വെള്ളം സംഭരിക്കും. മണ്ണിൽ വെള്ളത്തിന്റെ ലഭ്യത കുറയുമ്പോൾ ഗുളികകളിൽ സംഭരിച്ചുവെച്ച വെള്ളം വേരുകൾ ആവശ്യത്തിന് ഉപയോഗിക്കും. അളഗപ്പനഗറിൽ ഓരോ വാഴയ്ക്കും ആറ് ഗുളിക വീതം ആണ് ഉപയോഗിച്ചത്. ബാഗുകളിലും ചെടിച്ചട്ടികളിലും ഉപയോഗിക്കാമെന്ന് കൃഷി ഓഫിസർ പറഞ്ഞു. ഗ്രോബാഗുകളിൽ ഒരു ഗുളിക മാത്രമേ ആവശ്യമുള്ളൂ.
തെങ്ങിനു 20 എണ്ണമാണ് ഉപയോഗിക്കുക. നനയുടെ ഇടവേള കൂട്ടാം എന്നതാണ് ഗുളിക ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണം. പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഗുളിക മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുകയും വളങ്ങളുടെ ആഗിരണം വേഗത്തിൽ ആക്കുകയും ചെയ്യുമെന്നും കൃഷി ഓഫിസർ പറഞ്ഞു.
അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേശ്വരി അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ സനൽ മഞ്ഞളി, പ്രിൻസ് അരിപ്പാലത്തുകാരൻ, കൃഷി ഓഫിസർ എൻ.ഐ. റോഷ്നി, കൃഷി അസിസ്റ്റന്റ്മാരായ പി.ജെ. ഷൈനി, സി.എം. ബിന്ദു, കാർഷിക വികസന സമിതി അംഗങ്ങളായ കെ.കെ ഗോഖലെ, ടി. സുരേന്ദ്രൻ, ഉഷ ഉണ്ണി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.