പാസ്പോർട്ട് വേണ്ട; 'മാലി'യിലേക്ക് പോകാം
text_fieldsകട്ടപ്പന: സാഹസികതയും സുഗന്ധവ്യഞ്ജന കൃഷിയും താൽപര്യവുമുള്ളവരുടെ ഇഷ്ടകേന്ദ്രമാണ് ഇടുക്കി വണ്ടന്മേട്ടിലെ മാലി. വണ്ടന്മേട് പഞ്ചായത്ത് ഒന്ന്, 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന ഇവിടം സുഗന്ധവ്യഞ്ജനങ്ങളുടെ വിളഭൂമിയാണ്. തിരുവിതാംകൂർ മഹാരാജാവിെൻറ ഭരണകാലത്ത് വണ്ടന്മേടിെൻറ ഭാഗമായ ഇഞ്ചപടപ്പ്, മാലി മേഖലകൾ തടി വെട്ടുന്നതിനും ഏലം കൃഷിക്കുമായി തമിഴ്നാട് സ്വദേശിയായ റാംകുർ റാവുത്തർക്ക് കരാർ നൽകിയിരുന്നു. ഇദ്ദേഹം വർഷങ്ങൾക്കുശേഷം ഈ ഭൂമിയിൽ ഒരുഭാഗം തെൻറ സഹായി മാലിക്കിന് നൽകി. ഈ ഭൂപ്രദേശം മാലിക്ക് എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. തമിഴ് തൊഴിലാളികൾ പറഞ്ഞ് ലോപിച്ച് മാലിയായി. ഗുണനിലവാരം കൂടിയ ഏലക്ക ഉൽപാദനകേന്ദ്രമെന്ന നിലയിലും മാലിക്ക് പെരുമയുണ്ട്.
കാർഡമം ഹിൽ റിസർവ് പ്രദേശത്തിൽ ഉൾപ്പെടുന്ന മാലിയിലെ കൃഷിവിളയിൽ പ്രധാനം ഏലക്കയാണെങ്കിലും തോട്ടത്തിലെ തണൽ മരങ്ങളിൽ കുരുമുളക് ഇടവിളയായി ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം ജാതിയും ഗ്രാമ്പൂവും കാപ്പിയും മാലി മുളകുമെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. ഇവിടത്തെ ഏലത്തോട്ടത്തിൽ ധാരാളം കാട്ടുജാതിയും കാണപ്പെടുന്നുണ്ട്.
തമിഴ് ഏലത്തോട്ടം തൊഴിലാളികൾ ധാരാളമുള്ള ഈ ഭാഗം തമിഴ് സംസാരിക്കുന്നവരുടെ ഭൂരിപക്ഷമേഖല കൂടിയാണ്. മാലിയിലെ ഏക സർക്കാർ എൽ.പി സ്കൂളും തമിഴ് മീഡിയമാണ്. ഇവിടെ ഒരു അയ്യപ്പസ്വാമി ക്ഷേത്രവുമുണ്ട്. ജീവിതവും ആചാരവും ഉത്സവവുമെല്ലാം തമിഴ്നാട്ടിലെതുപോലെ തന്നെയാണെന്ന് മുൻ പഞ്ചായത്ത് അംഗം കെ. കുമാർ പറഞ്ഞു. ഏലകൃഷിയിൽ താൽപര്യമുള്ള ഏതൊരാൾക്കും ധാരാളം സാധ്യതകൾ മാലിയിൽ കണ്ടെത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.