ഇടുക്കിയിൽ മഴയെടുത്തത് 10.39 കോടിയുടെ കൃഷി
text_fieldsതൊടുപുഴ: ശക്തമായ മഴയും മലവെള്ളപ്പാച്ചിലും മൂലം കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ നശിച്ചത് 10.39 കോടിയുടെ കൃഷി. മഴ ഏറ്റവും കൂടുതൽ ശക്തിയാർജിച്ച ഒക്ടോബർ 12 മുതൽ ഇൗ മാസം 16വരെയുള്ള കണക്കാണിത്. ഇൗ കാലയളവിൽ ജില്ലയിൽ 6448 കർഷകരുടെ 320.83 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതായി സംസ്ഥാന കൃഷി വകുപ്പ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ജില്ലയിലെ എട്ട് ബ്ലോക്കുകളിൽ പീരുമേട്ടിലാണ് കൃഷി നാശം കൂടുതൽ. ഇവിടെ 80.28 ഹെക്ടറിലെ 4.05 കോടിയുടെ വിവിധയിനം കൃഷികൾ നശിച്ചു.
ബ്ലോക്കിലെ 2337 കർഷകരാണ് ഇതുമൂലം ദുരിതം നേരിട്ടത്.കൃഷിനാശമുണ്ടായ ബ്ലോക്ക്, ഭൂമി (ഹെക്ടറിൽ), കർഷകർ, തുക (ലക്ഷത്തിൽ) എന്ന ക്രമത്തിൽ ഇങ്ങനെ. അടിമാലി: 4.69; 123; 24.80, ദേവികുളം: 5.23; 74; 9.36, ഇളംദേശം: 8.95; 225; 28.75, ഇടുക്കി: 53.39; 1759; 136.07, കട്ടപ്പന: 59.69; 1171; 335.48, നെടുങ്കണ്ടം: 36.26; 555; 77.52, തൊടുപുഴ: 72.34; 204; 22.07. കായ്ഫലമുള്ള തെങ്ങ്, വാഴ, ടാപ്പ് ചെയ്യുന്നതും അല്ലാത്തതുമായ റബർ മരങ്ങൾ, വാഴ, ഏലം, നെല്ല്, കുരുമുളക്, കാപ്പി, മരച്ചീനി, ഇഞ്ചി, കൊക്കോ, വിവിധയിനം പച്ചക്കറികൾ തുടങ്ങിയ കൃഷികൾ നശിച്ചവയിൽ ഉൾപ്പെടുന്നു. ഇവയിൽ ഭൂരിഭാഗവും വിളവെടുപ്പിന് സമയമായവയുമാണ്.
പ്രളയവും കോവിഡും മൂലം കാർഷിക മേഖല തകർന്നുനിൽക്കുേമ്പാഴാണ് മഴ കർഷകർക്ക് മറ്റൊരു തിരിച്ചടിയായത്. ഉൽപാദനക്കുറവും വിലയിടിവും മൂലം പലരും കൃഷിയിൽനിന്ന് പിൻമാറുന്നതിനിടെ പാട്ടത്തിനെടുത്തും ബാങ്ക് വായ്പകൊണ്ടും കൃഷിയിറക്കി വിളവെടുപ്പിന് കാത്തിരുന്നവർക്കാണ് മഴക്കെടുതിയിൽ കനത്ത നഷ്ടം നേരിട്ടത്. രാസവളങ്ങളുടെയും കീടനാശിനികളുടെയും വിലക്കയറ്റവും തൊഴിലാളികളുടെ ഉയർന്ന കൂലിയും മൂലം ഉൽപാദനച്ചെലവ് വർധിച്ചതിനാൽ കൃഷി ലാഭകരമല്ലാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.