ആട്ടിൻ പാലിൽനിന്ന് ആദായം
text_fieldsവിപണിയിൽ മോഹവിലയുള്ള ഉൽപന്നമാണ് ആട്ടിൻപാൽ. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ ഫാമിൽ ആട്ടിൻ പാൽ വിപണനം ചെയ്യുന്നത് ലിറ്ററിന് 100 രൂപ നിരക്കിലാണെങ്കില്‍ ലിറ്ററിന് 120 - 200 രൂപക്ക് ആട്ടിന്പാല് വില്പന നടത്തുന്ന വിപണന മിടുക്കുള്ള ആട് സംരംഭകരും കേരളത്തിലുണ്ട്. ആട്ടിന്പാല് കൂടുതൽ ആരോഗ്യദായകമാണെന്നതാണ് ഈ ഉയര്‍ന്ന മൂല്യത്തിനടിസ്ഥാനം. പശുവിൻ പാൽ, എരുമപ്പാൽ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഗുണത്തിലും മേന്മയിലും മുന്നിലാണ് ആട്ടിൻ പാൽ. പശുവിൻ പാൽ ചിലർക്ക് അലർജിയുണ്ടാക്കാറുണ്ട്.
എന്നാൽ, ഈ അലർജിക്ക് കാരണമാവുന്ന ലാക്ടോസിന്റെ അളവ് ആട്ടിൻപാലിൽ താരതമ്യേനെ കുറവാണ്. മാത്രമല്ല, പാൽ അലർജിക്ക് കാരണമാവുന്ന മാംസ്യതന്മാത്രകളും ആട്ടിൻ പാലിൽ കുറവാണ്. ഇതിലെ കൊഴുപ്പ് കണികകളുടെ വലിപ്പം (മിൽക്ക് ഫാറ്റ് ഗ്ലോബുൾസ് ) പശുപാലിലേതിനേക്കാൾ പകുതി മാത്രമായതിനാൽ ദഹനം എളുപ്പത്തില്‍ നടക്കും. ദഹനശേഷി ഉയർന്നതായതിനാൽ ചെറിയ കുട്ടികള്‍, രോഗികള്‍, പ്രായമായവർ, ഗർഭിണികൾ എന്നിവര്‍ക്കെല്ലാം അഭികാമ്യം. അമ്മയുടെ മുലപ്പാലിലെ പോഷക, ജൈവിക ഗുണങ്ങളോടെ ഏറ്റവും ചേർന്ന് നിൽക്കുന്ന പാലും ആടിന്റേത് തന്നെ.
പശുവിൻ പാലിനെ അപേക്ഷിച്ച് ആട്ടിന്‍ പാലില്‍ മോണോ അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്, പോളി അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് തുടങ്ങിയ ശരീരത്തിന് ഗുണകരമായ അപൂരിത കൊഴുപ്പ് അമ്ലങ്ങളുടെയും മീഡിയം ചെയിൻ ട്രൈ ഗ്ലിസറൈഡുകളുടെയും അളവ് ഉയര്‍ന്നതാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ഹൃദയരോഗങ്ങൾ തടയാനും ഇത് ഉപകരിക്കും.
ആട്ടിൻ പാലിലെ ഒറോട്ടിക് ആസിഡ് സാന്നിധ്യം കരളിൽ കൊഴുപ്പടിഞ്ഞ് കൂടിയുണ്ടാവുന്ന ഫാറ്റി ലിവർ സിൻഡ്രോം അകറ്റാൻ ഉപകരിക്കും.ആട്ടിൻ പാലിൽ അധിക അളവിൽ അടങ്ങിയ ചില അമിനോ അമ്ലങ്ങൾക്ക് രോഗകാരികളായ ബാക്ടീരിയകളെ അകറ്റിനിർത്താനുള്ള ആന്റിബയോട്ടിക് ഗുണം കൂടിയുണ്ടെന്ന് ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടിട്ടുണ്ട്.
ആട്ടിൻ പാലിലെ ലാക്ടോഫെറിൻ മാംസ്യതന്മാത്രകൾക്കും ഈ ഗുണമുണ്ട്.ആമാശയത്തിലെ അധിക അമ്ലത്വത്തെ / അസിഡിറ്റിയെ നിർവീര്യമാക്കാനുള്ള ബഫറിങ് ഗുണവും ആട്ടിൻ പാലിനുണ്ട്. ആട്ടിൻ പാലിൽ സമൃദ്ധമായി അടങ്ങിയ എൽ. ഗ്ലൂറ്റാമിൻ എന്ന അമിനോ അമ്ലമാണ് ഈ ഗുണത്തിന് കാരണം.ശരീരത്തിന് ഏറെ ആവശ്യമായ ടോറിൻ അമിനോഅമ്ലത്തിന്റെ അളവും ആട്ടിൻ പാലിൽ ഏറെയുണ്ട് .
ത്വക്കിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് അനിവാര്യമായ ജീവകം എ, ജീവകം സി, ബി, ഇ, ഡി, കെ, ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം തുടങ്ങിയ ധാതുജീവകങ്ങളുടെയുമെല്ലാം കലവറകൂടിയാണ് ആട്ടില്‍പാല്‍.
ഈ ആരോഗ്യഗുണങ്ങൾ ഉപഭോക്താക്കളെ പരിചയപ്പെടുത്തിയശേഷം വിപണനം നടത്താന്‍ സാധിച്ചാല്‍ മികച്ച ആദായം ആട്ടിന്‍ പാലില്‍നിന്ന് ലഭിക്കും എന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.