ലക്ഷദ്വീപിൽ തദ്ദേശീയ കടൽപായൽ കൃഷി
text_fieldsകൊച്ചി: മത്സ്യോൽപാദനം, നാളികേരകൃഷി, ടൂറിസം എന്നിവക്ക് പിന്നാലെ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് കടൽപായൽ കൃഷിയുമായി ലക്ഷദ്വീപ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ദ്വീപിൽ നടത്തിയ പരീക്ഷണാടിസ്ഥാനത്തിലുള്ള കടൽപായൽ കൃഷി വൻ വിജയമായതിനെത്തുടർന്നാണിത്.
ജനവാസമുള്ള ഒമ്പത് ദ്വീപുകളിൽ വ്യാപകമായ തോതിൽ കടൽപായൽ കൃഷി പരിചയപ്പെടുത്തി പുതിയ സാമ്പത്തികസ്രോതസ്സിന് അടിത്തറ പാകുകയാണ് ലക്ഷ്യം. ഇതിെൻറ ഭാഗമായി വിവിധ ദ്വീപുകളിലായി ഏകദേശം 2500 മുളകൊണ്ട് നിർമിച്ച ചങ്ങാടങ്ങൾ ഉപയോഗിച്ച് പായൽകൃഷി ആരംഭിച്ചു. ലക്ഷദ്വീപിലെ തദ്ദേശീയ ഇനമായ എഡുലിസ് എന്ന കടൽപായലാണ് കൃഷി ചെയ്യുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള 10 സ്വയംസഹായ സംഘങ്ങളുൾപ്പെടെ ദ്വീപിലെ 100 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഗുണഫലം ലഭിക്കുക.
മരുന്ന്-ഭക്ഷ്യ വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന മികച്ച കടൽപായലുകൾ ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നും സി.എം.എഫ്.ആർ.ഐ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു.
തദ്ദേശീയ പായൽവർഗങ്ങളുടെ കൃഷിക്ക്് ദ്വീപ് തീരങ്ങളിൽ 45 ദിവസത്തിനുള്ളിൽ 60 മടങ്ങ് വരെ വളർച്ചനിരക്ക് ലഭിക്കുമെന്നും പഠനം വെളിപ്പെടുത്തി. കിൽത്താൻ, ചെത്ത്ല, കടമത്ത്, അഗത്തി, കവരത്തി ദ്വീപുകളിലാണ് കഴിഞ്ഞ വർഷം കടൽപായൽ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത്. ലക്ഷദ്വീപ് തീരങ്ങളിൽനിന്ന് പ്രതിവർഷം 75 കോടി രൂപയുടെ കടൽപായൽ ഉൽപാദിപ്പിക്കാമെന്ന് പഠനത്തിലൂടെ ബോധ്യപ്പെട്ടെന്ന് ഡോ. മുഹമ്മദ് കോയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.