പട്ടുനൂൽപുഴുവിന് കീട ഭീഷണി; കൊക്കൂൺ കൃഷി കുറയുന്നു, കർണാടക പട്ടിന് ഭീഷണിയായി ചൈനയിൽ നിന്ന് ഇറക്കുമതി
text_fieldsബംഗളൂരു: രാജ്യത്തെ മുൻനിര പട്ടുൽപ്പാദന സംസ്ഥാനമായ കർണാടകയിൽ ഈ വർഷം അസംസ്കൃത പട്ടുൽപ്പാദനത്തിൽ ഇടിവ്. ദേശീയ തലത്തിലും വ്യാപകമായ ഇടിവ് പ്രതിഫലിപ്പിക്കുന്നതാണ് ഈ അവസ്ഥ.
2024-25 മാർക്കറ്റിങ് വർഷത്തിൽ (ഏപ്രിൽ-ഡിസംബർ) ഇന്ത്യയുടെ മൊത്തം അസംസ്കൃത പട്ട് ഉൽപ്പാദനം 30,614 ടണ്ണാകുമെന്നാണ് സെൻട്രൽ സിൽക്ക് ബോർഡ് (സി.എസ്.ബി) പ്രവചിക്കുന്നത്. കഴിഞ്ഞ വർഷത്തെ 38,913 ടണ്ണിൽ നിന്ന് കുത്തനെ ഇടിവ്. നാല് വർഷത്തിനിടയിലെ ആദ്യത്തെയാണ് ഈ കുറവ്. 2020-21 ൽ 33,770 ടണ്ണിലെത്തിയ ശേഷം അടുത്ത മൂന്ന് വർഷങ്ങളിൽ രാജ്യത്ത് ക്രമേണ വർധനവ് ഉണ്ടായി: 2021-22 ൽ 34,903 ടൺ, 2022–23 ൽ 36,582 ടൺ, 2023-24 ൽ 38,913 ടൺ എന്ന ഏറ്റവും ഉയർന്ന നില.
ഡിസംബറിനു ശേഷമുള്ള പട്ടുൽപ്പാദനം രണ്ട് വർഷങ്ങൾക്കിടയിലുള്ള വ്യത്യാസം നികത്തുമെന്ന് ഡാറ്റ വിശദീകരിച്ചുകൊണ്ട് സെൻട്രൽ സിൽക്ക് ബോർഡിലെ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ ഉൽപ്പാദിപ്പിക്കുന്ന അസംസ്കൃത പട്ടിന്റെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ, ഉത്പാദനം 38,000 മുതൽ 40,000 മെട്രിക് ടൺ വരെയാകുമെന്ന് സെൻട്രൽ സിൽക്ക് ബോർഡിലെ ശാസ്ത്രജ്ഞൻ കുമരേശൻ പെരിയസാമി പറഞ്ഞു.
എന്നാൽ, കൊക്കൂൺ വിപണികൾക്കും സിൽക്ക് റീലിംഗിനും പേരുകേട്ട സിഡ്ലഘട്ട, രാമനഗര ജില്ലകളിലെ സെറികൾച്ചർ കർഷകർ ഇതിനോട് യോജിക്കുന്നില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൾബറി വിളയെ ബാധിച്ച നിരവധി രോഗങ്ങൾ ഉണ്ടായിട്ടുണ്ട്. തൽഫലമായി പലരും ഈ തൊഴിലിൽ നിന്ന് മാറിയെന്ന് സിഡ്ലഘട്ടയിൽ നിന്നുള്ള കർഷകൻ എച്ച്.ജി. ഗോപാലഗൗഡ പറഞ്ഞു.
സെറികൾച്ചർ ഉപേക്ഷിച്ച നിരവധി കർഷകർ പഴങ്ങൾ, പൂക്കൾ, പച്ചക്കറികൾ എന്നിവ വളർത്തുന്നതിലേക്ക് മാറിക്കഴിഞ്ഞു. രാജ്യത്തിന്റെ മൊത്തം ഉൽപാദനത്തിന്റെ 40 ശതമാനം കർണാടകയിലാണ്. നാല് വർഷം മുമ്പ് പോലും രാമനഗര, സിദ്ധ്ലഗട്ട കൊക്കൂൺ വിപണികളിൽ മികച്ച രീതിയിൽ വിപണനം ചെയ്തതും സംസ്‌കരിക്കുന്നതുമായ ഒരു സംവിധാനം ഉണ്ടായിരുന്നതിനാൽ, കാർഷിക സംരംഭങ്ങളിൽ ഏറ്റവും ലാഭകരമായത് സെറികൾച്ചർ ആയിരുന്നു. എന്നാൽ കൊക്കൂണുകൾക്ക് താങ്ങാനാവാത്ത വിലയിടിവും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പട്ടിൽ നിന്നുള്ള കടുത്ത മത്സരവും സെറികൾച്ചർ കർഷകരെ തളർത്തുന്നു. തൊഴിൽ പ്രതിസന്ധിയും കീടങ്ങളും രോഗങ്ങളും മൂലമുള്ള വർധിച്ചുവരുന്ന ചെലവുകളും കാരണം വൻനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഗൗഡ കൂട്ടിച്ചേർത്തു. സങ്കരയിനം പട്ടുനൂൽ കൊക്കൂണുകളുടെ ഒരു കിലോഗ്രാം വില 650 രൂപ വരെയാകുമ്പോൾ, ഉൽപാദനച്ചെലവ് കിലോഗ്രാമിന് 500 രൂപയായി ഉയർന്നതായി അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.