ഇടവിട്ട മഴ; നെൽകർഷകർ പ്രതീക്ഷയിൽ
text_fieldsവടക്കാഞ്ചേരി: ഇടവിട്ടുള്ള മഴ നെൽകർഷകരുടെ പ്രതീക്ഷ കൂട്ടുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിൽ പരമ്പരാഗത നെൽകർഷകർ കൃഷി ഉപേക്ഷിക്കാൻ തയാറാവുന്ന ഘട്ടത്തിലാണ് ന്യൂനമർദത്തെത്തുടർന്ന് ഇടവിട്ട് മഴ പെയ്തത്. സാധാരണ പാടശേഖരങ്ങളൊക്കെ കാലാനുസൃതമായ മഴയെയും ഡാമുകളിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തെയുമാണ് ആശ്രയിക്കുന്നത്.
ഡാമുകളിൽ ശരാശരി വെള്ളംപോലും ഇല്ലാതായി കർഷകർ നിരാശയിലായ സമയത്താണ് മഴ ലഭിച്ചത്. പാർളിക്കാട് രണ്ട് പാടശേഖര സമിതിയാണ് പാടങ്ങളെല്ലാം ഉഴുതുമറിച്ച് ഞാറ് നടാനുള്ള പ്രവൃത്തി ചെയ്തുവരുന്നത്. ട്രാക്ടർ ഉപയോഗിച്ച് ഉഴുതുമറിക്കുമ്പോൾ നാടൻ മത്സ്യ ഇനമായ ഏറ്റുമീൻ പിടിക്കാനും ഉത്സാഹത്തോടെ നാട്ടുകാരും ഒപ്പംകൂടി. ആദ്യകാലങ്ങളിൽ ഡാമുകൾ നിറഞ്ഞ് പുറത്തേക്ക് ഒഴുക്കിവിടുമ്പോഴും തോടുകളും പുഴകളും നിറഞ്ഞ് പാടശേഖരത്തേക്ക് കവിഞ്ഞ് മറിയുമ്പോഴുമാണ് ഏറ്റുമീൻ ചാകര ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.