കിലോക്ക് മൂന്നുലക്ഷം വരെ! മിയാസാകി വെറുമൊരു മാങ്ങയല്ല...
text_fieldsസംഗതി വെറുമൊരു മാങ്ങാക്കൃഷിയാണെന്ന് പുറമേക്ക് തോന്നാം. പക്ഷേ, ഈ മാവുകൾ പൊന്നുപോലെ കാക്കുന്ന കർഷകരുടെ തത്രപ്പാടും ജാഗ്രതയുമൊക്കെ കാണുമ്പോൾ കാര്യം നിസ്സാരമല്ലെന്ന് മനസ്സിലാകും. സെക്യൂരിറ്റി ഗാർഡും സി.സി.ടി.വി കാമറയും ശിക്ഷണം ലഭിച്ച നായ്ക്കളുമടക്കം ഈ മാങ്ങകൾക്കുള്ള സംരക്ഷണം അതിശയിപ്പിക്കുന്നതാണ്. വെറുമൊരു മാങ്ങക്ക് ഇത്ര കാവലോ എന്ന് അമ്പരക്കേണ്ടതില്ല. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മിയാസാകി മാങ്ങകളാണിവ. കിലോക്ക് 2.75 ലക്ഷം മുതൽ മൂന്നുലക്ഷം രൂപ വരെ വിലയുള്ളതുകൊണ്ടാണ് മേൽപറഞ്ഞ കനത്ത സുരക്ഷയിൽ ഇവ വളരുന്നത്.
നാഷനൽ ഹോർട്ടിക്കൾച്ചർ ബോർഡിന്റെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1500ഓളം ഇനം മാങ്ങകളുണ്ട്. എന്നാൽ, മിയാസാകി മാങ്ങകൾ ഇന്ത്യയിൽ കൃഷി ചെയ്യാറില്ല. ജപ്പാനിലെ ക്യൂഷു മേഖലയിലെ മിയാസാകി പ്രദേശത്ത് കൃഷി ചെയ്യുന്നതുകൊണ്ടാണ് മാങ്ങകൾക്ക് ആ പേരു വന്നത്. 1980കളിൽ പ്രാദേശിക കർഷകരുമായി ചേർന്ന് മിയാസാകി യൂനിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് മിയാസാക്കി മാങ്ങകൾ വികസിപ്പിച്ചെടുത്തതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, 1870കൾ മുതൽക്കുതന്നെ ജാപ്പനീസ് ചരിത്രത്തിലെ മീജി കാലഘട്ടത്തിൽ മിയാസാകി മാങ്ങകൾ ഉണ്ടായിരുന്നുവെന്നും വാദങ്ങളുണ്ട്.
‘സൂര്യന്റെ മുട്ടകൾ’ എന്നർഥം വരുന്ന ‘തൈയോ നോ തമാഗോ’ എന്നാണ് ജാപ്പനീസിൽ ഈ മാങ്ങകളെ വിശേഷിപ്പിക്കുന്നത്. പർപ്പ്ൾ നിറത്തിലുള്ള മാങ്ങകൾ പഴുക്കുന്നതിനനുസരിച്ച് കടുംചുവപ്പുനിറമാകും. ഒരു മാങ്ങക്ക് ഏകദേശം 350 ഗ്രാം തൂക്കംവരും. ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലങ്ങളിലാണ് മാങ്ങ വിളവെടുക്കുന്നത്. ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് ആസിഡ് എന്നിവയുടെയുടെ മികച്ച സ്രോതസ്സാണ് ഇവ. ചൂടേറിയ കാലാവസ്ഥ, ഏറെ നേരം കിട്ടുന്ന സൂര്യപ്രകാശം, മികച്ച രീതിയില്‍ ലഭിക്കുന്ന മഴ എന്നിവയെല്ലാമാണ് ജപ്പാനില്‍ മിയാസാകി കൃഷി വ്യാപിക്കാന്‍ കാരണം.
ഇന്ത്യയിൽ ഒഡിഷയിലെയും ബിഹാറിലെയും ചില കർഷകർ കുറച്ച് വർഷങ്ങൾക്കുമുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ ഇവ കൃഷി ചെയ്തിരുന്നു. ജപ്പാനിൽനിന്ന് തൈകൾ ഇറക്കുമതി ചെയ്താണ് മിയാസാക്കി കൃഷി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ കർഷകരും മിയാസാകി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്തിരുന്നു. എന്നാൽ, കൊട്ടിഘോഷിക്കുന്ന രീതിയിൽ വൻ വില ലഭിക്കുന്നില്ലെന്നും വാങ്ങാൻ ആളുകളെത്തുന്നില്ലെന്നുമാണ് അവരുടെ പരിഭവം. ജപ്പാനിലെ ഒറിജിനൽ മിയാസാകി മാങ്ങകൾക്കൊത്ത രുചിയും ഗുണവും ഇന്ത്യയിൽ കൃഷി ചെയ്യുന്ന മിയാസാകി മാങ്ങകൾക്കില്ലെന്നാണ് പഴക്കച്ചവടക്കാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.