സീസൺ ആരംഭിച്ചു; ചക്കയോളം പ്രതീക്ഷ
text_fieldsആലുവ: സീസൺ ആരംഭിച്ചതോടെ ചക്ക വിപണി സജീവമായി. പ്ലാവുകളുള്ള പറമ്പുകളിലും വീടുകളിലും കയറി കച്ചവടം ഉറപ്പിക്കുന്ന തിരക്കിലാണ് ചക്ക കച്ചവടക്കാർ. ആവശ്യക്കാർ കൂടുതലാണെങ്കിലും ഇത്തവണ ചക്ക കുറവാണ്. അതിനാൽ കച്ചവടക്കാർക്കിടയിൽ മത്സരവും കൂടുതലാണ്. കൂടുതൽ വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്ലാവുകളുള്ളവർ.
40 രൂപ മുതൽ 60 രൂപ വരെ ചക്കക്ക് വില ലഭിക്കുന്നുണ്ട്. തീൻമേശയിലെ പ്രധാന താരമാണ് ചക്ക. അതുകൊണ്ടുതന്നെ ഫൈവ് സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവയിൽ ചക്കപ്പുഴുക്ക്, ഇടിച്ചക്കത്തോരൻ, ചക്കക്കുരു മെഴുക്കുപുരട്ടി തുടങ്ങിയ വിഭവങ്ങൾക്കെല്ലാം ആവശ്യക്കാർ ഏറെയാണ്.
ചക്ക മൂപ്പെത്തും മുമ്പുള്ള ഇടിച്ചക്കക്കാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ്. ജില്ലയിൽ കാലടിയാണ് പ്രധാന ചക്ക വിപണി. ഗ്രാമങ്ങളിൽ നിന്നും ചക്ക ശേഖരിച്ച് ചെറുവാഹനങ്ങളിൽ കാലടിയിൽ എത്തിച്ച് അവിടെനിന്ന് തരം തിരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് അടക്കം കയറ്റി അയക്കുകയാണ്. പെരുമ്പാവൂരിലും ഓടക്കാലിയിലുമെല്ലാം ഇതേരീതിയിൽ ചക്ക ശേഖരിച്ച് കയറ്റിയയക്കുന്ന കേന്ദ്രങ്ങളുണ്ട്.
ഇതിനുപുറമെ, ദേശീയപാതയോരങ്ങൾ, മറ്റ് പ്രധാന റോഡുകൾ, മാർക്കറ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചും കച്ചവടം നടക്കുന്നുണ്ട്. കേരളത്തിലെ ഗ്രാമങ്ങളിൽനിന്നും ഇടനിലക്കാർ ശേഖരിക്കുന്ന ചക്കകളിൽ അധികവും മറ്റ് സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. സീസണിൽ പരമാവധി ശേഖരിച്ച്, ഏത് സമയത്തും ചക്ക വറുത്തത് വിപണിയിൽ എത്തിക്കുന്നവരുമുണ്ട്. ചക്ക വിപണി സജീവമാകുന്നതിനുമുമ്പ് 80 മുതൽ 100 രൂപ വരെ ഉണ്ടായിരുന്ന ചക്കക്കുരുവിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ 40 മുതൽ 60 രൂപ വരെയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.