കൃഷിയിൽ വൈവിധ്യങ്ങൾ ഒരുക്കി അയ്യൂബ്, പ്രധാനമായും കൃഷി ചെയ്യുന്നത് എടയൂർ മുളക്
text_fieldsവളാഞ്ചേരി: എടയൂർ മുളക് ഉൾപ്പെടെ വൈവിധ്യമാർന്ന വിളകൾ കൃഷി ചെയ്ത് പുന്നാംചോല പട്ടൻമാർ തൊടി അയ്യൂബ് (45). എടയൂർ ഗ്രാമപഞ്ചായത്തിലെ പുന്നാംചോല പ്രദേശത്ത് പാട്ടത്തിനെടുത്ത 2.75 ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. എരിവ് കുറഞ്ഞ ഇനമായ കൊണ്ടാട്ടത്തിന് പ്രസിദ്ധമായ എടയൂർ മുളക് അയ്യൂബിെൻറ തോട്ടത്തിലെ പ്രധാന ഇനമാണ്.
സ്വന്തമായി പാകി മുളപ്പിച്ച മൂവായിരത്തോളം മുളക് തൈകളാണ് തോട്ടത്തിൽ വെച്ചുപിടിപ്പിച്ചത്. നേരേത്ത കിലോക്ക് 300 മുതൽ 400 രൂപ വില കിട്ടിയിരുന്ന എടയൂർ മുളകിന് കോവിഡ് കാരണം 150 രൂപയാണ് ലഭിക്കുന്നതെങ്കിലും ആവശ്യക്കാർ ഏറെയുണ്ട്.
കൃഷി വകുപ്പ് ഓണത്തോടനുബന്ധിച്ച് വളാഞ്ചേരി മേഖലയിൽ നടത്തുന്ന സമൃദ്ധി ഒാണച്ചന്തയിലെ പ്രധാന ആകർഷണം എടയൂർ മുളകാണ്. വിവിധ ഇനം കൃഷികളും ഇദ്ദേഹത്തിെൻറ തോട്ടത്തിലുണ്ട്. അഞ്ചാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നപ്പോൾ കാർഷിക മേഖലയിലേക്ക് തിരിയുകയായിരുന്നു.
പുന്നാംചോല പ്രദേശത്തെ കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്നം പന്നി ശല്യമാണ്. വന്യമൃഗങ്ങളിൽനിന്ന് കൃഷിയെ സംരക്ഷിക്കാൻ കമ്പി വേലികൾ കെട്ടി സംരക്ഷിക്കുകയും രാത്രി കർഷകർ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്നും അയ്യൂബ് പറഞ്ഞു.
പഞ്ചായത്തിലെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം രണ്ടാമത്തെ പ്രാവശ്യവും അയൂബിനെ തേടിയെത്തി. കൃഷിയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കൃഷിഭവനുമായി സ്ഥിരം ബന്ധപ്പെടുന്ന അയൂബ് ആത്മാർഥതയുള്ള മികച്ച കർഷകനാണെന്ന് എടയൂർ കൃഷി ഓഫിസർ പി.എം. വിഷ്ണു നാരായണൻ പറഞ്ഞു. ഭാര്യ ഫാത്തിമ സുഹറയും മക്കളായ മുഹമ്മദ് അർഷാദ്, അൻഷിത എന്നിവരും കൂട്ടായി അയൂബിന് ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.