ആകാശവെള്ളരി കണ്ടിട്ടുണ്ടോ? ഔഷധഗുണങ്ങൾ അനവധി, ജോസഫിന്റെ കൃഷിയിടത്തിലേക്ക് വരൂ...
text_fieldsകേളകം (കണ്ണൂർ): പുതുതലമുറ മറന്ന കാർഷിക വിളകളുടെയും പച്ചക്കറികളുടെയും മാഹാത്മ്യം വിളംബരം ചെയ്ത് ശാന്തിഗിരിയിലെ വള്ളോക്കരിയിൽ ജോസഫ്. ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ആകാശവെള്ളരിയുടെ ഗുണമേന്മയും കൃഷിരീതിയും വിവരിച്ചുനൽകുകയാണ് ജോസഫും പിതാവ് അപ്പച്ചനും.
മലയാളികൾ അവഗണിക്കുന്ന ആകാശവെള്ളരിയുടെ ഗുണമേന്മയിൽ വിദേശികളാണ് കൂടുതൽ ആകൃഷ്ടർ. ഇത് അപൂർവ ഔഷധസസ്യവും ജീവിതശൈലീരോഗികൾക്ക് വരദാനവുമാണെന്നാണ് കാർഷിക ഗവേഷകനും കൃഷി വിദഗ്ധനുമായ ജോസഫിന്റെ ഉപദേശം.
200 വര്‍ഷം വരെ ആയുസ്സുള്ള അപൂര്‍വ വിള മനോഹരമായ പൂക്കളും കായ്കളുമായി നില്‍ക്കുന്നത് അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല, മുതല്ക്കൂട്ടുമായിരിക്കുമെന്നും ഇദ്ദേഹം പറയുന്നു.
പാസിഫ്ലോറ ക്വാഡ്രാങ്കുലാരിസ് എന്നാണ് ശാസ്ത്രനാമം. പേരുകൊണ്ട് വെള്ളരിയാണെങ്കിലും ഇത് വെള്ളരി കുടുംബത്തിലെ അംഗമല്ല. പാഷന് ഫ്രൂട്ടിന്റെ കുടുംബക്കാരനാണ്. ഔഷധസസ്യമായും പച്ചക്കറിയായും മധുരക്കനിയായും ഉപയോഗിക്കാം.
വെള്ളരിയെ നിലത്തു പടര്‍ത്തി വളര്‍ത്തുമ്പോള്‍ ആകാശവെള്ളരിയെ പന്തലില്‍ കയറ്റിയാണ് കൃഷി ചെയ്യേണ്ടത്. ആകാശവെള്ളരിക്ക് പ്രമേഹം, രക്തസമ്മര്‍ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ പോലുള്ളവയെ ചെറുത്തുനില്ക്കാനുള്ള കഴിവുണ്ടെന്ന് ജോസഫ് പറഞ്ഞു. പച്ചനിറത്തിലുള്ള ഉരുണ്ട വലിയ കായ്കളാണ് ഇവയുടേത്. വയലറ്റ് നിറത്തിലുള്ള നക്ഷത്രം പോലുള്ള പൂക്കളാണ് ഇവക്കുള്ളത്. ഇവയുടെ കായ സലാഡ്, അവിയല്‍, തോരന്‍ എന്നിവക്കായും വിളഞ്ഞു പാകമായാല്‍ ജാം, ജെല്ലി, ഐസ്ക്രീം, ഫ്രൂട്ട് സലാഡ് തുടങ്ങിയവ ഉണ്ടാക്കാനായും ഉപയോഗിക്കാം. ഇതിന്റെ മഹത്ത്വം മനസ്സിലാക്കി കൃഷി ചെയ്ത് ആവശ്യക്കാർക്ക് നൽകുന്ന കർഷകനാണ് കേളകത്തെ സി.ആർ. മോഹനൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.