നെൽകർഷകർക്ക് ആശ്വാസമായി കക്കാടം തോട് നവീകരണ സാധ്യത തെളിയുന്നു
text_fieldsകൊടിയത്തൂർ: നെൽകൃഷിയുടെ വിളനിലമായ കാരക്കുറ്റി കുറ്റിപൊയിൽ പാടത്തിന് കുറുകെയുള്ള കക്കാടം തോട് നവീകരണത്തിനുള്ള സാധ്യത തെളിയുന്നു. ജലസേചന വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് നവീകരണത്തിന് പ്രതീക്ഷ തെളിയുന്നത്. നവകേരള സദസ്സിൽ തോട് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
തോടിന് ഏകദേശം രണ്ട് കി.മീറ്റർ ദൂരത്തിൽ സംരക്ഷണഭിത്തി നിർമിക്കണമെന്നും അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യണമെന്നും ജലസേചന വിഭാഗം ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ വേനൽക്കാലത്ത് ജലം ലഭ്യമാകുന്നതിന് തോടിൽ ജലസേചന നിർമിതി ആവശ്യമാണെന്നും 350 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിക്ക് ഫണ്ട് ലഭ്യമാകുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പദ്ധതി പൂർത്തിയാവുന്നതോടെ വേനൽക്കാലത്തടക്കം ഏക്കർ കണക്കിന് പരന്നുകിടക്കുന്ന പാടങ്ങളില് ഇരുപ്പൂല് നെൽകൃഷിക്ക് അനുയോജ്യമാവും. മാത്രമല്ല, സമീപ പ്രദേശങ്ങളിലെ ജലസംവിധാനം നിയന്ത്രിക്കാനും സാധിക്കും.
കാരശ്ശേരി പഞ്ചായത്തിലെ കോട്ടമുഴി മുതൽ നെല്ലിക്കാപറമ്പ് വരെയും കോഴിക്കുളം -നടക്കൽ വഴി കുറ്റിപൊയിൽവരെയുമുള്ള പാടങ്ങളിൽ വേനൽക്കാലത്തടക്കം നെൽകൃഷി ചെയ്യാൻ യോഗ്യമാവുന്നതരത്തിൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കൂട്ടായ്മ കൊടിയത്തൂർ കൃഷി ഓഫിസർക്കും നിവേദനം നൽകിയിരുന്നു.
ഏക്കർ കണക്കിന് വയലുകളിൽ കൃഷി നടക്കുന്ന ഇവിടെ പലപ്പോഴും ആവശ്യമായ വെള്ളം കിട്ടാറില്ല. തോണിച്ചാലിൽനിന്ന് കോട്ടമുഴി കടവ് വരെ 10 മീറ്ററിലധികം വീതിയുള്ള തോട് ചളിയും മാലിന്യങ്ങളും നിറഞ്ഞു നശിച്ചുകൊണ്ടിരിക്കുകയാണ്. കാരശ്ശേരി പഞ്ചായത്തിലെയും കൊടിയത്തൂർ പഞ്ചായത്തിലെയും നിരവധി കർഷകർക്കാണ് നവീകരണം യാഥാർഥ്യമാവുന്നതോടെ ആശ്വാസമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.