കൗതുകം വിടര്‍ത്തി കൊടകരയില്‍ കമണ്ഡലു മരം കായ്ച്ചു; ഈ ഫലത്തിന്റെ പ്രധാന ഉപയോഗങ്ങളറിയാം..
text_fieldsകൊടകര: കാഴ്ചക്കാര്‍ക്ക് കൗതുകം പകര്‍ന്ന് കൊടകരയില്‍ കമണ്ഡലു മരം കായ്ച്ചു. കൊടകര ദ്വാരക ജങ്ഷന് സമീപത്തുളള കുണ്ടനി സനലിന്റെ വീട്ടുപറമ്പിലാണ് കമണ്ഡലു മരം നിറഞ്ഞു കായ്ച്ചിട്ടുള്ളത്. പത്ത് വര്‍ഷം മുമ്പ് കുട്ടനെല്ലൂരിലെ ഭാര്യവീട്ടില്‍ നിന്നാണ് കമണ്ടലു മരത്തിന്റെ തൈ സനല്‍ കൊടകരയിലെ വീട്ടില്‍ കൊണ്ടുവന്നു നട്ടുപിടിപ്പിച്ചത്.
പതിനഞ്ചടിയോളം ഉയരത്തില്‍ വളര്‍ന്ന മരത്തില്‍ അഞ്ചുവര്‍ഷം മുമ്പാണ് കായ്കൾ ഉണ്ടാകാന്‍ തുടങ്ങിയത്. 25 ഓളം കായ്കളാണ് ഇക്കുറി മരത്തില്‍ ഉണ്ടായിട്ടുള്ളത്. വിളഞ്ഞുപാകമാകാന്‍ അഞ്ചുമാസത്തോളം വേണ്ടിവരും. പാകമായ കമണ്ഡലു കായ്കളുടെ പുറംതോടിന് നല്ല കട്ടിയുള്ളതിനാല്‍ നിലത്തുവീണാല്‍ പോലും ഇവ പൊട്ടില്ല. കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനാണ് കമണ്ഡലു കായ്കൾ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത്.
പുരാതനകാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതാണ് കമണ്ഡലു പാത്രങ്ങള്‍. ഋഷിമാര്‍ ഉപയോഗിച്ചിരുന്ന കമണ്ഡലു എന്ന പാത്രം ഈ കായ്കളുടെ പുറംതോട് ഉപയോഗിച്ചുള്ളതായിരുന്നു. പഴയ കാലത്ത് ഭിക്ഷ സ്വീകരിക്കാനും കമണ്ഡലു പാത്രം ഉപയോഗിച്ചിരുന്നു. കട്ടിയുള്ള പുറംതോടുള്ള കമണ്ഡലു കായ്കളുടെ അകക്കാമ്പ് നീക്കം ചെയ്തശേഷം വശങ്ങളില് തുളച്ച് വള്ളിയിട്ടാണ് ഇവ കൊണ്ടു നടന്നിരുന്നത്.
കമണ്ഡലുവില്‍ നിറച്ച വെള്ളത്തിന് ഔഷധ ഗുണമുള്ളതിനാല്‍ ഇത് കുടിക്കുമ്പോള്‍ ശരീരത്തിലെ കൊഴുപ്പ് കുറയുമെന്ന് പറയപ്പെടുന്നു. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ കമണ്ഡലു കായ്കളുടെ അകക്കാമ്പ് പുറത്തെടുത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചുകുടിക്കുന്ന ശീലമുണ്ട്.
അമേരിക്ക ജന്മദേശമായിട്ടുള്ള കമണ്ഡലു മരം ഉഷ്ണമേഖല പ്രദേശങ്ങളിലാണ് പൊതുവേ കണ്ടുവരുന്നത്. 25 മുതല്‍ 40 അടിവരെ ഉയരത്തില്‍ കമണ്ഡലു മരം വളരും. ഇംഗ്ലീഷില്‍ കലാബാഷ് ട്രീ എന്നാണ് ഇതിന് പേര്. തമിഴില്‍ തിരുവോട്ടുകായ് എന്നും അറിയപ്പെടുന്നു. കേരളത്തില്‍ പലരും കൗതുകത്തിനായി ഈ മരം നട്ടുപരിപാലിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.