നമ്പുറം വയലിൽ കണിവെള്ളരി തയാർ
text_fieldsഏപ്രിൽ മാസത്തിൽ ഏറെ ആവശ്യക്കാരുള്ള വിളയാണ് കണിവെള്ളരി. വിഷുവിന് കണിയൊരുക്കുന്നതിൽ ഒഴിവാക്കാനാവാത്ത ഒന്ന്. അതുകൊണ്ടുതന്നെ വിഷുക്കാലത്ത് മികച്ച നേട്ടം കൈവരിക്കാൻ കണിവെള്ളരി കർഷകർക്ക് സാധിക്കുന്നുണ്ട്. ധാരാളം വെള്ളമടങ്ങിയതിനാൽ വേനൽക്കാലത്ത് ഉപയോഗിക്കാൻ പറ്റിയ നല്ല പച്ചക്കറി ഇനം കൂടിയാണിത്. വൈറ്റമിൻ എ, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാരാളം പോഷകഘടകങ്ങൾ ഇതിലടങ്ങിയിട്ടുണ്ട്. മഞ്ഞനിറത്തോടുകൂടിയ ഇവ ഏറെക്കാലം കേടുവരാതെ സൂക്ഷിച്ചുവെക്കാൻ കഴിയും.
കണിവെള്ളരി കൃഷിയിൽ വിജയഗാഥ തുടരുകയാണ് ഒരു കൂട്ടം കർഷകർ. കോഴിക്കോട് ജില്ലയിലെ കാക്കൂർ നമ്പുറം വയലിലെ കർഷക കൂട്ടായ്മ തുടർച്ചയായ 13ാം തവണയാണ് കണിവെള്ളരി കൃഷി നടത്തുന്നത്. ഈന്താട് നമ്പുറം വയലിലെ മൂന്ന് ഏക്കറിലാണ് ഇവർ കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്. ഫെബ്രുവരിയിലാണ് കൊയ്ത്ത് കഴിഞ്ഞ വയലിൽ നിലമൊരുക്കി വിത്ത് നടുന്നത്. തുടർന്ന് രണ്ടു മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാവും. മുൻകാലങ്ങളിൽ ഓരോ വർഷവും 5-6 ടൺ കണിവെള്ളരി ലഭിക്കാറുണ്ടെന്ന് കൃഷിക്ക് നേതൃത്വം നൽകുന്ന അണ്ടിയാംപറമ്പത്ത് മനോഹരൻ പറയുന്നു. കർഷകർക്ക് നല്ലവരുമാനവും ലഭിക്കുന്നുണ്ട്. ഓരോ വർഷത്തെയും വിളവിൽനിന്ന് അടുത്ത കൃഷിക്കായുള്ള വിത്തുകൾ ശേഖരിച്ചുവെക്കുകയാണ് ചെയ്യുന്നത്. പൂർണമായും ജൈവവള പ്രയോഗവും ജൈവ കീടനിയന്ത്രണ മാർഗങ്ങളുമാണ് നമ്പുറം വയലിലെ കർഷകർ പിന്തുടരുന്നത്.
കൃഷിരീതി
നെല്ല് കൊയ്തൊഴിഞ്ഞ പാടങ്ങൾ ഉഴുത് തടമൊരുക്കുന്നു. തുടർന്ന് ചാണകവും വെണ്ണീരും തടത്തിൽ ചേർക്കുന്നു. നനഞ്ഞ തുണിയിൽ ചാണകവെള്ളത്തിൽ മുക്കി വിത്തുകൾ മുളക്കാനായി കെട്ടിവെക്കുന്നു. മുള വന്ന ശേഷമാണ് വിത്തുപാകൽ. 60 ദിവസംകൊണ്ട് വിളവെടുക്കുന്ന കണിവെള്ളരിക്ക് ചാണകം, ചാരം, വേപ്പിൻ പിണ്ണാക്ക്, എല്ലിൻപൊടി എന്നിവയാണ് പ്രധാന വളപ്രയോഗം. ജനുവരി-ഫെബ്രുവരി മാസത്തിൽ വിത്തിടുകയും ഏപ്രിലിൽ വിളവെടുക്കുകയും ചെയ്യുന്നു. സാധാരണ ഒരു കിലോക്ക് 50 മുതൽ 60 രൂപ വരെയും വിഷുവിനോട് അടുപ്പിച്ച് ഒരു കായ്ക്ക് 50 രൂപ വരെയും കിട്ടാറുണ്ടെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.