വിപണനകേന്ദ്രങ്ങൾ, മില്ലുകൾ: നെൽകർഷകരുടെ കൈപിടിക്കാൻ കാപ്കോസ്
text_fieldsകോട്ടയം: നെല്ല് സംഭരണത്തിലെ ചൂഷണങ്ങൾ ഒഴിവാക്കാനും കുറഞ്ഞവിലക്ക് അരി ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണ സംഘം (കാപ്കോസ് ) യാഥാർഥ്യത്തിലേക്ക്. സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
കുടമാളൂർ സർവിസ് സഹകരണബാങ്കിന്റെ പുളിഞ്ചുവടിലുള്ള കെട്ടിടത്തിലാണ് കാപ്കോസ് ഓഫിസ് പ്രവർത്തനം ആരംഭിക്കുന്നത്. കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് കുത്തി അരിയാക്കി വിപണനം നടത്താൻ ലക്ഷ്യമിട്ടാണ് സംഘത്തിന് രൂപംനൽകിയിരിക്കുന്നത്.
നിലവിൽ സ്വകാര്യമില്ലുകളാണ് കർഷകരിൽനിന്ന് നെല്ല് ശേഖരിക്കുന്നത്. ഇവർ പലവിധത്തിൽ കർഷകരെ ചൂഷണം ചെയ്യുന്നത് പതിവാണ്. കർഷകർ തർക്കങ്ങൾ ഉന്നയിക്കുമ്പോൾ നെല്ല് സംഭരണത്തിൽനിന്ന് വിട്ടുനിന്ന് മില്ലുകൾ വിലപേശുന്നതും പതിവാണ്. ഇതിന് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് സംഘം സ്ഥാപിക്കുന്നത്.
കൊയ്തെടുത്ത നെല്ല് ഉണക്കിനൽകുന്നതിന് സൗകര്യമില്ലാത്ത കർഷകരാണ് പ്രധാനമായും സ്വകാര്യ നെല്ല് ഉടമകളുടെ ചൂഷണത്തിന് വിധേയരാകുന്നത്. ഇതിന് പരിഹാരമായി കാപ്കോസ് സംഭരണത്തിനായി ഗോഡൗണുകൾ സ്ഥാപിക്കും. അരിയും മൂല്യവർധിത ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനായി സംഘം തന്നെ അരിമില്ലുകൾ സ്ഥാപിക്കും.
കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലുമാണ് റൈസ് മില്ലുകൾ സ്ഥാപിക്കുക. ഇതിനുള്ള നടപടി ഉടൻ ആരംഭിക്കും. സംഘത്തിന്റെ ഉൽപന്നങ്ങൾ വിപണയിൽ എത്തിക്കുന്നതിനായി സംസ്ഥാന തലത്തിൽ വിപണ കേന്ദ്രങ്ങൾ ഒരുങ്ങും. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ വഴിയും സ്വകാര്യ മേഖലയിലും ഓൺലൈനുമാണ് വിൽപന നടത്തുക. നെൽ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളും സംഘം വഴി നടപ്പിലാക്കും.എൽ.ഡി.എഫ് സർക്കാറിന്റെ ആദ്യ നൂറുദിന കർമ പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ 26 പ്രാഥമിക കാർഷിക സർവിസ് സഹകരണ ബാങ്കുകൾ അംഗ സംഘങ്ങളായി രജിസ്റ്റർ ചെയ്ത് സംഘം പ്രവർത്തനം ആരംഭിക്കുന്നത്. 310 കോടിയുടെ ഓഹരി മൂലധനമുള്ള സംഘം പാലക്കാട് ജില്ല ഒഴികെയുള്ള എല്ലാ ജില്ലകളിൽനിന്ന് നെല്ല് സംഭരിക്കും.
സഹകരണ വകുപ്പിനുകീഴിൽ പുതിയ മില്ലുകൾ വരുന്നതോടെ സംസ്ഥാനത്തെ നെല്ലു സംസ്കരണത്തിന്റെ 10 ശതമാനമെങ്കിലും സർക്കാർ-സഹകരണ മേഖലയുടെ കൈയിലെത്തും. നിലവിൽ 2.75 ശതമാനം മാത്രമാണിത്. ഒരു വർഷം എട്ടുലക്ഷം ടൺ നെല്ല് സപ്ലൈകോ സംഭരിക്കുമ്പോൾ 7.78 ലക്ഷം ടണ്ണും സംസ്കരിക്കുന്നതു സ്വകാര്യ മില്ലുകളാണ്.
സഹകരണ സംഘങ്ങളുടെ കൂട്ടായ പങ്കാളിത്തോടെ നെല്ല് സംസ്കരണ മേഖലയിലെ ഇടപെടീൽ വിപുലപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമാണ് കാപ്കോസ് പ്രവർത്തനം ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് കെ.എം. രാധാകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.