കരുവാച്ചി ഇനം നെൽകൃഷി മങ്കരയിലും
text_fieldsമങ്കര: രോഗപ്രതിരോധ ശേഷി നൽകുന്ന കരുവാച്ചി നെൽകൃഷി ഇനി മങ്കരയിലും. മങ്കര കൃഷിഭവന് കീഴിൽ കൃഷി വകുപ്പിന്റെ ലീഡ്സ് പദ്ധതിയുടെ ഭാഗമായാണ് 30 സെന്റ് സ്ഥലത്ത് നെൽകൃഷി പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയത്. കല്ലൂർ പൂപ്പാടം പാടശേഖരത്തിലെ ശിവകുമാർ വർമയുടെ കൃഷിയിടത്തിലാണ് മാതൃക തോട്ടമുള്ളത് .
വയനാട് തിരുനെല്ലി കാടുകളിൽനിന്നാണ് വിത്ത് എത്തിച്ചത്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ജീവിതശൈലി രോഗങ്ങൾ വരെ കുറക്കാനാകും. വ്യത്യസ്ത നിറങ്ങളിലാണ് ഇലകളുണ്ടാവുക. ചുവന്ന അരിയായിരിക്കും. കരൾ രോഗത്തിനും ഹൃദയാഘാതത്തിനും ഈ അരി ഏറെ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നല്ല വിളവായതിനാൽ മൂന്നാഴ്ച കൊണ്ട് ഇവ കൊയ്തെടുക്കാനാകുമെന്ന് കൃഷി ഓഫിസർ മുകുന്ദകുമാർ പറഞ്ഞു.
ഇതിന്റെ അരിക്കും വലിയ ഡിമാന്റാണ്. പാലക്കാട് ബ്ലോക്കിൽ ആദ്യമായിട്ടാണ് കരുവാച്ചി കൃഷി ചെയ്യുന്നത്. 100 ദിവസം കൊണ്ട് ഇവ കൊയ്തെടുക്കാം. മങ്കര പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ്, കൃഷി ഓഫിസർമാരായ സി. മുകുന്ദ കുമാർ, മേഘ്ന ബാബു, വാർഡംഗം രതീഷ് കുമാർ, കൃഷി അസിസ്റ്റന്റ് ടി. കൃഷ്ണപ്രസാദ്, ഫീൽഡ് അസിസ്റ്റന്റ് കെ. കവിത എന്നിവർ കൃഷിത്തോട്ടം സന്ദർശിച്ചു. പദ്ധതി വിജയം കണ്ടതോടെ പഞ്ചായത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് കൃഷി ഓഫിസറും പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.