കവളപ്പാറ: കാർഷികഭൂമികള്‍ വേര്‍തിരിച്ച് കൃഷിക്ക് ഉപയുക്തമാക്കും
text_fieldsഎടക്കര: കവളപ്പാറ ദുരന്തമുണ്ടായ പ്രദേശത്തെ കാർഷികഭൂമിയില്‍ ഒരുഭാഗം വേര്‍തിരിച്ച് വീണ്ടും കൃഷിക്ക് ഉപയുക്തമാക്കാനും ബാക്കി ഭാഗം സര്‍ക്കാറിന് വിട്ടുനല്‍കാനും തീരുമാനം. ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച കവളപ്പാറയില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കവളപ്പാറ തോടിന് കിഴക്കുഭാഗത്ത് നിരപ്പായി കിടക്കുന്ന ഭൂമി വേര്‍തിരിച്ച് അതത് കര്‍ഷകര്‍ക്ക് കൃഷിക്ക് ഉപയുക്തമാക്കാനും തരംമാറ്റാന്‍ പറ്റാത്ത തോടിന് മുകളിലെ ഭാഗം ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കാനും നിര്‍ദേശം വച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് കര്‍ഷകര്‍ക്ക് ന്യായവില നല്‍കണം. ഈ ഭൂമികളിലുള്ള ബാങ്ക് ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കണം. ഈ നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി സര്‍ക്കാറിന് കൈമാറും.
കവളപ്പാറയില്‍ ഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍, മണ്ണ്, ജല സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥര്‍, റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ച് ചേര്‍ത്തത്. നൂറോളം കര്‍ഷകര്‍ക്കാണ് 2019ലെ ഉരുള്‍പൊട്ടലില്‍ ഭൂമി നഷ്ടപ്പെട്ടത്.
കൃഷിഭൂമിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് താന്നിക്കുന്നത്ത് ബാലകൃഷ്ണന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് കഴിഞ്ഞ ജൂണില്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ജിയോളജി അടക്കം വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനകളും നടത്തി.
അതിന്റെ അടിസ്ഥാനത്തില്‍ മഴ മാറിയ ശേഷം ഭൂമി കൃഷിക്ക് ഉപയുക്തമാക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനായി കവളപ്പാറ മണ്ണ് സംരക്ഷണ പദ്ധതിക്ക് രൂപം നല്‍കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജന്, വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബാബുരാജ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.എ. തോമസ്, അംഗങ്ങളായ മുസ്തഫ പാക്കട, എം. ദിലീപ്, ഭൂമി നഷ്ടപ്പെട്ട കര്ഷകന് താന്നിക്കുന്നത്ത് ബാലകൃഷ്ണന്, ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികള്‍, മണ്ണ്, ജല സംരക്ഷണ വിഭാഗം ഉദ്യോഗസ്ഥരായ സാദിഖലി, സത്യന്, കൃഷി ഓഫിസര്‍ റിന്‍ഷില എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.